kozhikode local

ലോകരക്തദാതാ ദിനം ; സംസ്ഥാനതല ഉദ്ഘാടനം 14ന് കോഴിക്കോട്ട്

കോഴിക്കോട്: ലോകരക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 14ന് വിപുലമായ പരിപാടികളോടെ കോഴിക്കോട്ട് നടക്കും. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടക്കുന്ന ചടങ്ങുകള്‍ ആരോഗ്യ-സമൂഹിക നീതി മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. “രക്തം നമ്മെ കോര്‍ത്തിണക്കുന്നു; രക്തം നല്‍കൂ, ജീവന്‍ പങ്കുവയ്ക്കൂ’ എന്ന സന്ദേശത്തില്‍ ലോകമാകെ നടക്കുന്ന രക്തദാതാ ദിനാചരണത്തിന്റെ ഭാഗമായി ഈ രംഗത്ത് മികവു പുലര്‍ത്തുന്ന വ്യക്തികളെയും സംഘടനകളെയും രക്തബാങ്കുകളെയും ആദരിക്കും. യുവജനങ്ങളില്‍ രക്തദാനത്തിന്റെ സന്ദേശമെത്തിക്കുന്നതിനും അതിനായി അവരെ പ്രേരിപ്പിക്കുന്നതിനുമായി കോളേജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ക്വിസ്, കലാപരിപാടികള്‍, സെമിനാര്‍, രക്തദാന ക്യാംപ് തുടങ്ങിയവ സംഘടിപ്പിക്കും.  13ന് രാവിലെ 10.30നാണ് രക്തദാനം, എച്ച്.—ഐ.വി എന്നീ വിഷയങ്ങളെ അധികരിച്ചുള്ള ക്വിസ് നടക്കുക. സര്‍ക്കാര്‍- സ്വകാര്യ കോളേജുകള്‍, പോളിടെക്‌നിക്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള 18നും 25നുമിടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്ഥാപനത്തെ പ്രതിനിധീകരിച്ച് രണ്ട് പേരടങ്ങുന്ന ടീമുകള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 11ന് ഉച്ചയ്ക്ക് രണ്ടിനു മുമ്പായി 9496020854 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. വിജയികള്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും ലഭിക്കും.14ന് രാവിലെയാണ് രക്തദാന ക്യാംപ് നടക്കുക. അതോടൊപ്പം രക്തദാനത്തെക്കുറിച്ച് ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിക്കും. ഉച്ചയ്ക്കു ശേഷം നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഈരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള കലാ പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും.സംസ്ഥാന എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോളേജുകളിലെ എന്‍.—എസ്.—എസ്-റെഡ് റിബണ്‍ ക്ലബ് യൂനിറ്റുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ദിനാചരണ പരിപാടികള്‍ നടക്കുക. ഇതേക്കുറിച്ചാലോചിക്കുന്നതിനായി കലക്ടറേറ്റില്‍ ചേര്‍ന്ന ആലോചനായോഗത്തിന് എ.—ഡി.എം ടി ജെനില്‍കുമാര്‍ നേതൃത്വം നല്‍കി. നിത്യേനയുണ്ടാവുന്ന റോഡപകടങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, ശസ്ത്രക്രിയകള്‍, പ്രസവം, ഡയാലിസിസ് തുടങ്ങിയവയ്ക്കും മറ്റു ചികില്‍സകള്‍ക്കുമായി സംസ്ഥാത്ത് ഒരു വര്‍ഷം 4.5 ലക്ഷം യൂനിറ്റ് രക്തം ആവശ്യമായി വരുന്നതായി യോഗത്തില്‍ സംസാരിച്ച സംസ്ഥാന എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ജോയിന്റ് ഡയരക്ടര്‍ സുനില്‍ കുമാര്‍ പറഞ്ഞു. ഇതനുസരിച്ച് രക്തദാതാക്കളുടെ എണ്ണത്തിലും കാര്യമായ പുരോഗതിയുണ്ടാവേണ്ടതുണ്ട്. സന്നദ്ധ ദാനത്തിലൂടെ ലഭിക്കുന്ന രക്തത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ സ്ത്രീകളാണ്. എന്നാല്‍ ഇങ്ങനെ ലഭിക്കുന്ന രക്തത്തിന്റെ ആറ് ശതമാനം മാത്രമാണ് സ്ത്രീകളുടെ സംഭാവനയെന്ന് സംസ്ഥാന എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അസിസ്റ്റന്റ് ഡയരക്ടര്‍ എന്‍ വേണുഗോപാല്‍ പറഞ്ഞു. രക്തദാനത്തെക്കുറിച്ചുള്ള സ്ത്രീകളുടെ മനോഭാവം മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 18നും 65നുമിടയില്‍ പ്രായമുള്ള ആരോഗ്യവാനായ വ്യക്തിക്ക് മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാം.
Next Story

RELATED STORIES

Share it