Gulf

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന റൂട്ടുമായി ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റൂട്ടില്‍ വിമാനം പറത്തുന്ന കമ്പനിയെന്ന ബഹുമതി ഇനി ഖത്തര്‍ എയര്‍വെയ്‌സിന് സ്വന്തമാവും. ദോഹയില്‍ നിന്ന് ന്യൂസിലന്റിലെ ഓക്‌ലന്റിലേക്ക് 17.5 മണിക്കൂര്‍ നീളുന്ന യാത്രയാണ് ഖത്തര്‍ എയര്‍വെയ്‌സ് അതിന്റെ പുതിയ റൂട്ടുകളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 9,031 മൈലാണ് യാത്രാ ദൈര്‍ഘ്യം. ബെര്‍ലിനില്‍ നടക്കുന്ന ഐടിബി ട്രാവല്‍ ഫെയറില്‍ ഖത്തര്‍ എയര്‍വെയ്‌സ് പുതുതായി പ്രഖ്യാപിച്ച ഒരു ഡസനിലേറെ റൂട്ടുകളിലാണ് ഓക്ക്‌ലന്റും ഉള്‍പ്പെട്ടിരിക്കുന്നത്.
നിലവില്‍ എമിറേറ്റ്‌സിന്റെ ദുബയ്-ഓക്ക്‌ലന്റ് സര്‍വീസാണ് ലോകത്ത് ഏറ്റവും ദൈര്‍ഘ്യമേറിയത്. ഈ മാസമാദ്യമാണ് 8,823 മൈല്‍ നീളുന്ന റൂട്ട് എമിറേറ്റ്‌സ് ആരംഭിച്ചത്.
ഡിസംബര്‍ 3 മുതലാണ് ഖത്തര്‍ എയര്‍വെയ്‌സിന്റെ ബോയിങ് 777 വിമാനം ഓക്ക്‌ലന്റിലേക്ക് പറന്നു തുടങ്ങുക. പ്രാദേശിക സമയം പുലര്‍ച്ചെ 2.10ന് ദോഹയില്‍ നിന്ന് പുറപ്പെടുന്ന വിമാനം പിറ്റേന്ന് പുലര്‍ച്ചെ 4.30നാണ് ഓക്ക്‌ലന്റില്‍ എത്തുക.
മറ്റ് 13 റൂട്ടുകള്‍ കൂടി ഐടിബി ട്രാവല്‍ ഫെയറില്‍ ഖത്തര്‍ എയര്‍വെയ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രഞ്ച് നഗരമായ നൈസിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നതാണ് അതിലൊന്ന്.
ഫ്രഞ്ച് സര്‍ക്കാരുമായി എയര്‍ ട്രാഫിക് റൂട്ടിനെ ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നത മൂലം 2013ല്‍ നിര്‍ത്തിവച്ചതാണ് ഈ സര്‍വീസ്. അടുത്ത വര്‍ഷം വേനലിലാണ് ഈ റൂട്ട് പുനരാരംഭിക്കുക.
ഇറ്റാലിയന്‍ നഗരമായ പിസ, ഫിന്‍ലന്റിലെ ഹെല്‍സിങ്കി, സരെയാവോ(ബോസ്‌നിയ), സ്‌കോപ്‌ജെ(മസിഡോണിയ), സീഷെല്‍സ്, മറാക്കിഷ്(മൊറോക്കോ), വിന്‍ദോക്ക്(നമീബിയ), ദുആല(കാമറൂണ്‍), ലിബ്രവില്ലെ(ഗാബോണ്‍), ലുസാക്ക(സാംബിയ), ക്രാബി, ചിയാങ് മായ്(തായ്‌ലന്റ്) എന്നിവയാണ് മറ്റ് റൂട്ടുകള്‍.
Next Story

RELATED STORIES

Share it