ലൈസന്‍സ് പ്രതീക്ഷിച്ച് 60 ബാറുകള്‍; ബാര്‍ ലൈസന്‍സ് നല്‍കില്ലെന്ന് സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: ആറ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയതു വിവാദമായതിനെ തുടര്‍ന്ന് വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് കര്‍ക്കശമാക്കിയത് നിയമപ്രശ്‌നങ്ങളിലേക്കു നയിക്കും. ഈ സര്‍ക്കാര്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ഇനി ബാര്‍ലൈസന്‍സ് നല്‍കില്ലെന്ന് ഇന്നലത്തെ യുഡിഎഫ് യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ പഞ്ചനക്ഷത്രമായി അപ്‌ഗ്രേഡ് ചെയ്താല്‍ ബാര്‍ ലൈസന്‍സ് നല്‍കുമെന്ന മുന്‍ തീരുമാനവും മാറ്റി. ബാര്‍ ലൈസന്‍സ് ലഭിക്കാനായി സംസ്ഥാനത്തെ 60ഓളം ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ ഫൈവ് സ്റ്റാറാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കവെ സര്‍ക്കാരിന്റെ പുതിയ തീരുമാനം ഇവര്‍ക്കു തിരിച്ചടിയായി. ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കില്ലെന്ന സര്‍ക്കാരിന്റെ നിലപാടില്‍ കടുത്ത പ്രതിഷേധത്തിലാണ് ബാര്‍ ഉടമകള്‍. തീരുമാനം മാറ്റിയില്ലെങ്കില്‍ സര്‍ക്കാര്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ബാര്‍ ഉടമകള്‍ പറയുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ബാര്‍ കേസ് പരിഗണിക്കവെ സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചത്. തുടര്‍ന്ന് ലൈസന്‍സ് നഷ്ടപ്പെട്ട മിക്ക ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളും ഫൈവ് സ്റ്റാര്‍ ആക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിരുന്നു.
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മുറികള്‍ക്ക് 200 ചതുരശ്രയടിയും ടോയ്‌ലറ്റുകള്‍ക്ക് 45 ചതുരശ്രയടി വിസ്തീര്‍ണവും വേണം. ഇതിനുവേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 60ഓളം ഹോട്ടലുകള്‍ പൂര്‍ത്തിയാക്കിവരുകയാണ്. മറ്റ് 40 ഹോട്ടലുകളില്‍ നിര്‍മാണ പ്രവര്‍ത്തനം പ്രാരംഭ ഘട്ടത്തിലാണ്. എന്നാല്‍, സര്‍ക്കാര്‍ പെട്ടെന്ന് നിലപാടു മാറ്റിയത് ബാര്‍ ഉടമകള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സര്‍ക്കാരിന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ അനുകൂലമായ നിലപാടു പ്രതീക്ഷിക്കുന്നതായും ബാര്‍ ഉടമകള്‍ പറയുന്നു.
Next Story

RELATED STORIES

Share it