ലൈസന്‍സില്ലാത്ത കശാപ്പുശാലകള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ലൈസന്‍സില്ലാത്ത കശാപ്പുശാലകളും പൊതുസ്ഥലത്തെ മാംസവില്‍പന ശാലകളും അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന കശാപ്പുശാലകള്‍ക്കെതിരേ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തമായ നടപടി സ്വീകരിക്കണം. ഇതിനായി ബന്ധപ്പെട്ട പോലിസ് ഉദ്യോഗസ്ഥരില്‍ നിന്ന് സഹായം തേടാമെന്നും പോലിസ് ആവശ്യമായ നടപടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. തദ്ദേശ സ്വയംഭരണ വകുപ്പ് മുമ്പ് രൂപീകരിച്ചിട്ടുള്ള വിദഗ്ധ സമിതിയുമായി കൂടിയാലോചന നടത്തി സെക്രട്ടറിമാര്‍ സ്ലോട്ടര്‍ ഹൗസുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം.
സംസ്ഥാന ശുചിത്വ മിഷനുമായി ചേര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ലോട്ടര്‍ഹൗസുകള്‍ക്കാവശ്യമായ സൗകര്യമൊരുക്കണം. പഞ്ചായത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെങ്കിലും പഞ്ചായത്ത്‌രാജ് ആക്ടില്‍ പറയുന്ന രീതിയില്‍ സ്ലോട്ടര്‍ഹൗസുകള്‍ നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മാസവില്‍പനയും സ്ലോട്ടര്‍ ഹൗസുകളുടെ നിര്‍മാണവും സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹരജികളാണ് കോടതി പരിഗണിച്ചത്.
സ്ലോട്ടര്‍ ഹൗസുകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് കോടതിയുടെ നിരവധി ഉത്തരവുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അവ വേണ്ടരീതിയില്‍ നടപ്പാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2009 ഡിസംബര്‍ അഞ്ചിന് ശുചിത്വമിഷന്‍ ഡയറക്ടര്‍ കോടതിക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ ഒരു വിദഗ്ധസമിതിയെ നിയമിച്ചിട്ടുള്ളതായും സമിതിയുടെ പഠനപ്രകാരം പഞ്ചായത്തുകളില്‍ സ്ലോട്ടര്‍ ഹൗസുകള്‍ നിര്‍മിക്കുമെന്നും റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു.
എന്നാല്‍, പഞ്ചായത്തിന് ആവശ്യമായ ഫണ്ടില്ലാത്തതിനാലാണ് സ്ലോട്ടര്‍ ഹൗസുകളും അടിസ്ഥാന സൗകര്യവും ഒരുക്കാനാവാത്തതെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. ഫണ്ടില്ലെന്ന വാദം അവഗണിക്കാനാവുന്നതല്ല. എന്നിരുന്നാലും പൊതു സ്ലോട്ടര്‍ഹൗസുകള്‍ ഇല്ലാത്തതിനാല്‍ പൊതുസ്ഥലത്ത് അനധികൃതമായി മാംസം വില്‍പന നടത്തുന്നതും കശാപ്പു നടത്തുന്നതും അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it