ലൈറ്റ് മെട്രോ: ഭൂമി ഏറ്റെടുക്കലിന് 304 കോടി വേണ്ടിവരുമെന്ന് ഇ ശ്രീധരന്‍

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലിനു തിരുവനന്തപുരത്ത് 175 കോടി രൂപയും കോഴിക്കോട് 129 കോടി രൂപയും വേണ്ടിവരുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. രണ്ടിടത്തുമായി യഥാക്രമം മൂന്ന് ഹെക്ടറും 1.5 ഹെക്ടറും സ്വകാര്യ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. രണ്ടിടത്തും പരമാവധി സര്‍ക്കാര്‍ ഭൂമിയാണ് ആശ്രയിക്കുന്നത്. ഡിപ്പോ നിര്‍മാണത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ 7.5 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കും.
തിരുവനന്തപുരത്ത് പള്ളിപ്പുറത്ത് 25 ഏക്കര്‍ ഡിപ്പോ നിര്‍മാണത്തിനായി കൈമാറിയിട്ടുണ്ട്. റോഡ് വികസനത്തിനായി സംസ്ഥാനസര്‍ക്കാര്‍ നേരത്തെ തയ്യാറാക്കിയ പദ്ധതിയുമായി ലൈറ്റ് മെട്രോയെ സംയോജിപ്പിക്കും. കഴക്കൂട്ടം- കേശവദാസപുരം, മാനാഞ്ചിറ- മീഞ്ചന്ത തുടങ്ങിയ റോഡുകള്‍ക്കായി സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായി. റെയില്‍വേ ലൈനുകളെല്ലാം റോഡിന് മുകളില്‍ക്കൂടിയായതിനാല്‍ സ്ഥലമേറ്റെടുക്കല്‍ കാര്യമായി വേണ്ടിവരില്ല. കേന്ദ്രത്തില്‍ നിന്ന് അനുമതി ലഭിക്കുന്നതു വൈകാനിടയാവുന്ന സാഹചര്യത്തിലാണ് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരത്തും കോഴിക്കോടും മെട്രോയുടെ ഓഫിസുകള്‍ പ്രവര്‍ത്തനം തുടങ്ങി. ഡല്‍ഹിയില്‍ അടുത്തമാസം 2, 3 തിയ്യതികളില്‍ കോച്ച് നിര്‍മാതാക്കളുമായി ഡല്‍ഹിയില്‍ ചര്‍ച്ചയും കോച്ചുകളുടെ പ്രസന്റേഷനും നടക്കും. അതിനുശേഷം മാര്‍ച്ച് അവസാനത്തോടെ കോച്ചുകളുടെ നീളം, വീതി, സ്വഭാവം എന്നിവ സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. മീഡിയം മെട്രോയെ അപേക്ഷിച്ച് 60 ശതമാനം ചെലവ് മാത്രമേ ലൈറ്റ് മെട്രോയ്ക്ക് വേണ്ടിവരൂ. 18 മീറ്ററായിരിക്കും കോച്ചിന്റെ നീളം. രണ്ടു മീറ്ററായിരിക്കും വീതി. ചെറിയ കോച്ചായതുകൊണ്ടുതന്നെ സമാന്തര ലൈനുകളുണ്ടാവും. ലൈറ്റ് മെട്രോയുടെ സാങ്കേതികവിദ്യയും മാതൃകയും പഠിക്കുന്നതിനായി കേരളത്തില്‍ നിന്ന് ഉദ്യോഗസ്ഥസംഘം ബന്ധപ്പെട്ട രാജ്യങ്ങളില്‍ പോവുമെന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it