ലൈറ്റ് മെട്രോ: പ്രാരംഭപ്രവൃത്തി തുടങ്ങുന്നു

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോപ്രാരംഭപ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനം യഥാക്രമം മാര്‍ച്ച് നാലിനും ഒമ്പതിനും നടക്കും. പ്രാരംഭ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഒന്നരവര്‍ഷം വേണ്ടിവരും.
നിര്‍മാണം തുടങ്ങി മൂന്നുവര്‍ഷത്തിനകം കോഴിക്കോട് മെട്രോയുടെയും നാലുവര്‍ഷത്തിനകം തിരുവനന്തപുരം മെട്രോയുടെയും ആദ്യഘട്ടം കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ലൈറ്റ് മെട്രോയുടെ നിര്‍മാണോദ്ഘാടനമെന്ന ആക്ഷേപം ശക്തമാണ്. കേന്ദ്രത്തില്‍നിന്ന് തത്ത്വത്തില്‍ അനുമതി ലഭിക്കാതിരുന്നിട്ടും പദ്ധതിയുമായി മുന്നോട്ടുപോവാനുള്ള സര്‍ക്കാര്‍ തീരുമാനം ഇതിന്റെ ഭാഗമാണ്. ഇ ശ്രീധരനെ തന്നെ ഉദ്ഘാടനച്ചടങ്ങ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചുവെന്നതും ശ്രദ്ധേയം. ഡിഎംആര്‍സിയുമായി കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പുവച്ചതിനു പിന്നാലെ സര്‍വേ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
വിശദമായ പദ്ധതി റിപോര്‍ട്ട് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ അനുമതിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. കേന്ദ്രാനുമതി ഒമ്പതുമാസത്തിനുള്ളിലും അന്തിമ അംഗീകാരം ഒന്നരവര്‍ഷത്തിനകവും ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്ഥലമെടുപ്പ്, ടെന്‍ഡര്‍ ഡോക്യുമെന്റ് തയ്യാറാക്കല്‍, റോഡ് വീതികൂട്ടല്‍, ഫ്‌ളൈഓവര്‍, സബ്‌വേ നിര്‍മാണം തുടങ്ങിയവയാണ് പ്രാരംഭഘട്ടത്തില്‍.
തിരുവനന്തപുരത്ത് ശ്രീകാര്യം, ഉള്ളൂര്‍, പട്ടം, തമ്പാനൂര്‍ എന്നിവിടങ്ങളിലാണ് ഫ്‌ളൈഓവര്‍ പണിയുക. കോഴിക്കോട് പന്നിയങ്കരയില്‍ ഫ്‌ളൈഓവര്‍ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. 3,453 കോടിയാണ് തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ എസ്റ്റിമേറ്റ് തുക. പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ ഇത് 4,219 കോടി രൂപയാവും. 2,509 കോടിയാണ് കോഴിക്കോട് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക. പൂര്‍ത്തിയാവുമ്പോള്‍ 2,057 കോടി രൂപ വരും.
രണ്ടു പദ്ധതികള്‍ക്കുമായി 6,728 കോടിയാണ് കണക്കാക്കുന്നത്. ഇതില്‍ 1,167 കോടി രൂപ സംസ്ഥാന വിഹിതമാണ്. കേന്ദ്രം 826 കോടി നല്‍കും. ശേഷിക്കുന്ന 4,733 കോടി രൂപ ജൈക്കയില്‍നിന്ന് വായ്പ വാങ്ങാനാണു ശ്രമം. 40 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. ഇതില്‍ ആദ്യ 10 വര്‍ഷം തിരിച്ചടവിന് മൊറട്ടോറിയം ഉണ്ടാവും. രണ്ടുപദ്ധതികളുടെയും സിവില്‍വര്‍ക്ക് ഒഴികെയുള്ള മറ്റു ടെന്‍ഡറുകള്‍ ഒരുമിച്ച് വിളിക്കും. ഇതിലൂടെ വലിയൊരു തുക ലാഭിക്കാന്‍ കഴിയുമെന്ന് ശ്രീധരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it