ലൈഫ് ടൈം ടാക്‌സ് നിര്‍ണയത്തില്‍ അപാകത

ആബിദ്

കോഴിക്കോട്: വാഹനങ്ങളുടെ ലൈഫ് ടൈം ടാക്‌സ് നിര്‍ണയത്തില്‍ അപാകതയെന്നു പരാതി. ടാക്‌സി വാഹനങ്ങള്‍ സ്വകാര്യ വാഹനങ്ങളാക്കിയും തിരിച്ചും മാറ്റുമ്പോഴും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തിക്കുന്ന വാഹനങ്ങളുടെ പുനര്‍ രജിസ്‌ട്രേഷന്‍ നടത്തുമ്പോഴും അടയ്‌ക്കേണ്ട ലൈഫ് ടൈം ടാക്‌സ് നിര്‍ണയത്തിലാണ് വ്യാപകമായി അപാകതയുള്ളത്.
വാഹനങ്ങളുടെ ആയുസ്സ് 15 വര്‍ഷമാക്കി നിജപ്പെടുത്തി അതിനനുസരിച്ച് വാഹനവില കണക്കാക്കി അതിന്റെ അനുപാതത്തിലാണ് ടാക്‌സ് ഒടുക്കേണ്ടത്. ഇതു പ്രകാരം ഓരോവര്‍ഷവും വാഹനവിലയില്‍ 6.66 ശതമാനം കുറവു കണക്കാക്കി ആ തുകയുടെ അനുപാതത്തിലാണ് ടാക്‌സ് നിശ്ചയിക്കുക. ഇങ്ങനെ കണക്കാക്കുന്ന ടാക്‌സും ഉദ്യോഗസ്ഥര്‍ അടയ്ക്കാന്‍ ആവശ്യപ്പെടുന്ന ടാക്‌സും തമ്മില്‍ വലിയ അന്തരമുണ്ടെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. പതിനായിരക്കണക്കിനു രൂപയാണ് ഉദ്യോഗസ്ഥര്‍ ഈ രീതിയില്‍ വാഹന ഉടമകളില്‍ നിന്ന് അന്യായമായി സര്‍ക്കാരിലേക്ക് ടാക്‌സ് ഇനത്തില്‍ പിരിക്കുന്നത്.
കഴിഞ്ഞദിവസം കെഎല്‍ 11 എജി 752 നമ്പരിലുള്ള ടാക്‌സി കാര്‍ സ്വകാര്യ വാഹനമാക്കുന്നതിന് കോഴിക്കോട് ആര്‍ടി ഓഫിസിലെത്തിയ നാസര്‍ മാവൂരാനോട് 22,240 രൂപ ടാക്‌സ് അടയ്ക്കാനാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. കുന്ദമംഗലം മണ്ഡലം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റായ നാസര്‍, തുക അത്രവരില്ലെന്നു പറഞ്ഞപ്പോള്‍ ആദ്യം ഉദ്യോഗസ്ഥര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ഉന്നതോദ്യോഗസ്ഥനെ സമീപിച്ചെങ്കിലും ആദ്യം അദ്ദേഹവും അംഗീകരിക്കാന്‍ തയ്യാറായില്ലെന്ന് നാസര്‍ പറഞ്ഞു.
തുടര്‍ന്ന് കണക്കുകൂട്ടി കൃത്യമായ തുക പറഞ്ഞുകൊടുത്തപ്പോള്‍ അത് അംഗീകരിച്ച ഉദ്യോഗസ്ഥന്‍ യഥാര്‍ഥത്തില്‍ 13,144 രൂപ അടച്ചാല്‍ മതിയെന്നും എന്നാല്‍, ഇവിടെ 22,240 രൂപയാണു കാണിക്കുന്നതെന്നും അതിനാല്‍ തങ്ങള്‍ക്ക് തല്‍ക്കാലം രജിസ്‌ട്രേഷന്‍ മാറ്റിത്തരാനാവില്ലെന്നും അറിയിച്ചു. അധികതുക അടച്ച് താങ്കള്‍ പണം നഷ്ടപ്പെടുത്തേണ്ടെന്നും ഫയല്‍ തിരുവനന്തപുരത്തേക്കയച്ച് കൃത്യത വരുത്തിയ ശേഷം രജിസ്‌ട്രേഷന്‍ മാറ്റിയാല്‍ മതിയെന്നും പറഞ്ഞ് തന്റെ മൊബൈല്‍ നമ്പര്‍ വാങ്ങിവച്ച് തല്‍ക്കാലം ഉദ്യോഗസ്ഥര്‍ തടിയൂരുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് ടൈം ടാക്‌സ് നിര്‍ണയിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കു തന്നെ വ്യക്തമായ ധാരണയില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ഇതുവഴി സര്‍ക്കാരിന് വര്‍ഷത്തില്‍ കോടിക്കണക്കിന് രൂപയുടെ അധികവരുമാനം ഉണ്ടാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് ഇതുസംബന്ധിച്ച് കൃത്യമായ അറിയിപ്പു വരാത്തത് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
Next Story

RELATED STORIES

Share it