ലേബര്‍ കോടതിവിധി നടപ്പാക്കിയില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടികള്‍ ആരംഭിക്കണം; മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം

തിരുവനന്തപുരം: വ്യവസായ തര്‍ക്ക നിയമപ്രകാരം ലേബര്‍ കോടതിവിധി നടപ്പാക്കിയില്ലെങ്കില്‍ റവന്യൂ റിക്കവറി നിയമപ്രകാരം തുക ഈടാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി. ജില്ലാ ലേബര്‍ ഓഫിസറോട് നടപടി സ്വീകരിക്കാന്‍ ലേബര്‍ കോടതി നിര്‍ദേശം നല്‍കിയാല്‍ നിര്‍ബന്ധമായും ലേബര്‍ ഓഫിസര്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ലേബര്‍ കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ നിയമത്തില്‍ പറയുന്നതുപോലെ റവന്യൂ റിക്കവറി നിയമപ്രകാരം നടപടിയെടുത്ത് തുക ഈടാക്കണം. ജില്ലാ ലേബര്‍ ഓഫിസര്‍ ഇതിനാവശ്യമായ നിര്‍ദേശം ജില്ലാ കലക്ടര്‍ക്ക് നല്‍കണമെന്നും ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ പറഞ്ഞു. കൊല്ലം ലേബര്‍ കോടതിയുടെ വിധി 6 മാസം കഴിഞ്ഞിട്ടും നടപ്പാക്കാത്തതിനെതിരേ കാഞ്ഞിരംകുളം സ്വദേശി എ സെല്‍വരാജ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കമ്മീഷന്‍ ഉത്തരവിനെ തുടര്‍ന്ന് സെല്‍വരാജിന് ലഭിക്കേണ്ടിയിരുന്ന 50,032 രൂപ ലഭിച്ചു. വിഴിഞ്ഞം തപോവന്‍ ഹെറിറ്റേജ് ഹോമില്‍ 8 വര്‍ഷം സെക്യൂരിറ്റി ജീവനക്കാരനായിരുന്നു എ സെല്‍വരാജ്. സ്വയം വിരമിക്കുമ്പോള്‍ ജോലിചെയ്ത കാലത്തുള്ള ഗ്രാറ്റുവിറ്റി നല്‍കിയില്ല. ഇതിനെതിരേയാണ് സെല്‍വരാജ് കോടതിയെ സമീപിച്ചത്. തുക നല്‍കാന്‍ ലേബര്‍ കോടതി ഉത്തരവിട്ടെങ്കിലും വിധി ലേബര്‍ വകുപ്പ് നടപ്പാക്കിയില്ല. വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു സ്ഥലം വില്‍ക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. കോടതി വിധിച്ച തുക റവന്യൂ റിക്കവറി നിയമപ്രകാരം ഈടാക്കി നല്‍കാന്‍ ജസ്റ്റിസ് ജെ ബി കോശി തിരുവനന്തപുരം ജില്ലാ ലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് തപോവന്‍ റിസോര്‍ട്ടില്‍ നിന്നു തുക ഈടാക്കി നല്‍കിയത്.
Next Story

RELATED STORIES

Share it