ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജിദ്ദയില്‍ തുടങ്ങി

ജിദ്ദ: പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലുലുവിന്റെ 125ാമത് ശാഖ ജിദ്ദയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജിദ്ദ-മക്ക റോഡിലെ അമീര്‍ ഫവാസ് ഡിസ്ട്രിക്റ്റില്‍ ഇന്നലെ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ സൗദ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് വൈസ് ചെയര്‍മാന്‍ മാസിന്‍ മുഹമ്മദ് ബാറ്റര്‍ജി, യുഎഇ കോണ്‍സല്‍ ജനറല്‍ ആരിഫ് അലി അല്‍തബൂര്‍ അല്‍നുഐമി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ പത്മശ്രീ എം എ യൂസുഫലി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫലി, സിഇഒ സൈഫീ രുപ്‌വാല, സിഒഒ സലീം, ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ്, റീജ്യനല്‍ ഡയറക്ടര്‍ മുഹമ്മദ് മുസ്തഫ, എം എ ഷഹീന്‍ സംബന്ധിച്ചു. സൗദിയിലെ ഏഴാമത്തെ ശാഖയാണു ജിദ്ദയില്‍ തുറന്നത്. വിശാലമായ പാര്‍ക്കിങ് സൗകര്യത്തോടെ രണ്ടുലക്ഷം ചതുരശ്ര അടിയില്‍ ഒറ്റനിലയിലാണ് ലുലു ഒരുക്കിയിരിക്കുന്നത്. ഈവര്‍ഷം ലുലുവിന്റെ നാല് ഔട്ട്‌ലെറ്റുകള്‍ കൂടി ജിദ്ദയിലെ ബുറൈമാന്‍, ഹായില്‍, ഹുഫൂഫ എന്നിവിടങ്ങളില്‍ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ എം എ യൂസുഫലി പറഞ്ഞു. 2018 ഓടെ 5000 സൗദി പൗരന്‍മാരെ പരിശീലിപ്പിച്ച് ജോലിനല്‍കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിയാദില്‍ മൂന്നും ജുബൈല്‍, ദമ്മാം നഗരങ്ങളില്‍ ഒരോന്നുമാണ് ഇപ്പോഴുള്ള ലുലു ശാഖകള്‍.ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ആദ്യ ഇന്തോനീസ്യന്‍ ശാഖ നാളെ  ജക്കാര്‍ത്തയില്‍  ആരംഭിക്കുന്നതെന്ന് ചെയര്‍മാന്‍ എം എ യൂസുഫലി ഗള്‍ഫ് തേജസിനോട് പറഞ്ഞു. ഇന്തോനീസ്യയിലും മലേസ്യയിലുമായി വരാന്‍ ലുലു ശൃംഖലയുടെ തുടക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it