ലീഡറുടെ മകള്‍ക്ക് അടിതെറ്റി; വോട്ടെണ്ണലിലും തെറ്റുമോ?

പി എച്ച് അഫ്‌സല്‍

തൃശൂര്‍: നായരും നസ്രാണിയും തിരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്ന തൃശൂര്‍ മണ്ഡലത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും പഞ്ഞമില്ലെന്ന് തെളിയിക്കുന്നതാണ് യുഡിഎഫ് ക്യാംപില്‍ വോട്ടെടുപ്പ് ദിവസം ഉണ്ടായ സംഭവം. ബൂത്തുകളിലെ സന്ദര്‍ശനം കഴിഞ്ഞ് ഇങ്ങുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ പത്മജയുടെ കാല്‍ മടങ്ങി. കുഴതെറ്റി നീരു വന്നു. ഒരു കൂട്ടം മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതൊരു ദുര്‍നിമിത്തമായി വ്യാഖ്യാനിച്ചു. സിപിഐയുടെ വി എസ് സുനില്‍കുമാര്‍ കടുത്ത ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തില്‍ പലരിലും ഇത് ആശങ്ക പടര്‍ത്തി. തിരഞ്ഞെടുപ്പു ഗോദയില്‍ തൃശൂര്‍ മണ്ഡലത്തില്‍ സാക്ഷാല്‍ ലീഡര്‍ കെ കരുണാകരന്‍ പോലും അടിതെറ്റിയ മണ്ഡലമാണെന്ന് ചിലര്‍ അടക്കം പറഞ്ഞു. അങ്ങനെയെന്തെങ്കിലും സംഭവിക്കുമോ? ആപത്ശങ്കയാണ് പലര്‍ക്കും.
അതേസമയം പത്മജയും യുവനേതൃത്വവും അത്തരം അന്ധവിശ്വാസങ്ങള്‍ തള്ളിക്കളയുന്നു. അതു സംഭവിച്ചത് വോട്ടെടുപ്പു ദിവസമായത് ഒരു കണക്കിന് ഭാഗ്യമായെന്ന നിലപാടിലാണ് അവര്‍. മുമ്പാണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമായിരുന്നു. എന്തായാലും തൃശൂരിലെ ആര്‍ച്ച് ബിഷപ്പും വന്ദ്യവൈദികരും പിന്തുണക്കുന്നതിനാല്‍ തൃശൂരിലെ കത്തോലിക്കരുടെ വോട്ട് ഒന്നാകെ തനിക്ക് കിട്ടിയെന്ന സമാധാനത്തില്‍ കഴിയുന്ന പത്മജയുടെ മനസ്സില്‍ ലീഡര്‍ക്ക് സംഭവിച്ച പരാജയം നേരിടുമെന്ന ചിന്ത ഉണ്ടാവാനിടയില്ല.
പണ്ട് തൃശൂരങ്ങാടിയിലെ ക്രിസ്ത്യാനി കച്ചവടക്കാരും അവരുടെ വീട്ടുകാരും സുഹൃത്തുക്കളുമാണല്ലോ ലീഡറെ പിന്നില്‍ നിന്ന് കുത്തിയത്. എന്നാല്‍, ജാതി തമ്പ്രാക്കന്‍മാരെല്ലാം കൂട്ടായി വോട്ടു നല്‍കുമ്പോള്‍ പത്മജയ്ക്ക് എന്തു ഭയപ്പെടാന്‍ എന്നാണ് ഉപദേശകര്‍ നല്‍കിയിട്ടുള്ള ഉറപ്പ്.
Next Story

RELATED STORIES

Share it