ലീഡര്‍ക്ക് കാലിടറിയ മണ്ണില്‍ ചുവടുറപ്പിക്കാന്‍ പത്മജ

എ എം ഷമീര്‍ അഹ്മദ്

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മല്‍സരിക്കുന്ന പത്മജാ വേണുഗോപാല്‍ ആമുഖങ്ങള്‍ ആവശ്യമില്ലാത്ത നേതാവാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍ കെ കരുണാകരന്റെ പ്രിയപുത്രി. അച്ഛന്റെ മകള്‍ എന്ന പരിഗണനയ്ക്കപ്പുറം ഇക്കുറി കഴിവ് തെളിയിച്ച ഒരു നേതാവ് എന്ന നിലയിലാണ് പത്മജ തൃശൂര്‍ മണ്ഡലത്തില്‍നിന്ന് അങ്കത്തിനിറങ്ങുന്നത്.
ഏറെ നാളായി പത്മജ ജില്ലയില്‍ സജീവമാണ്. എന്നാല്‍, ഇക്കഴിഞ്ഞ ദിവസമാണ് പത്മജയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പായത്. വിജയസാധ്യതയും സാമുദായിക സമവാക്യങ്ങളും പരിഗണിച്ച് സിറ്റിങ് എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണന്‍ സ്ഥാനാര്‍ഥിയായേക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, പൊടുന്നനെ കാര്യങ്ങള്‍ മാറുകയായിരുന്നു. പാര്‍ട്ടി കേന്ദ്ര നേതൃത്വം പത്മജയെതന്നെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചു.
രാഷ്ട്രീയവും തിരഞ്ഞെടുപ്പും ഈ അമ്പത്താറുകാരിക്ക് പുത്തരിയല്ല. 2004ല്‍ മുകുന്ദപുരത്തുനിന്നും ലോക്‌സഭയിലേക്ക് മല്‍സരിച്ച അനുഭവമുണ്ട്. ജയിക്കാനായില്ലെങ്കിലും മികച്ച മല്‍സരം പത്മജ കാഴ്ചവച്ചു. പിന്നീടും പത്മജ രാഷ്ട്രീയത്തിലുണ്ടായിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും സ്ഥാനാര്‍ഥിക്കുപ്പായം അണിയുന്നത്. അതും സ്വന്തം തട്ടകത്തില്‍.
ഗ്രൂപ്പിനതീതമായ പ്രവര്‍ത്തനമാണ് പത്മജയെ ശ്രദ്ധേയയാക്കിയത്. ചാവക്കാട് ഹനീഫാ വധത്തെ തുടര്‍ന്ന് ഇരു ധ്രുവങ്ങളിലായ ജില്ലയിലെ ഗ്രൂപ്പുകളെ അനുരഞ്ജന പാതയില്‍ കൊണ്ടുവന്നത് പത്മജയുടെ എടുത്തുപറയേണ്ട നേട്ടമാണ്. പത്മജയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പായതിനു ശേഷവും ഗ്രൂപ്പുകളില്‍നിന്നും യാതൊരു തരത്തിലുള്ള അസ്വാരസ്യം ഉണ്ടാവാത്തതും എല്ലാവര്‍ക്കും സ്വീകാര്യയായ ഒരു കോണ്‍ഗ്രസ് നേതാവായി പത്മജ മാറിയതിനു തെളിവാണ്. സ്ഥിതി ഇങ്ങനെയൊക്കെയാണെങ്കിലും മണ്ഡലത്തില്‍ കടുത്ത മല്‍സരം തന്നെയാണ് പ്രതീക്ഷിക്കുന്നത്. സാക്ഷാല്‍ ലീഡറെ കടപുഴക്കിയ മണ്ണാണ് തൃശൂര്‍. സിപിഐയിലെ വി എസ് സുനില്‍കുമാറാണ് പത്മജയുടെ എതിര്‍ സ്ഥാനാര്‍ഥി. മണ്ഡലം തന്നെ കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് പത്മജ. മണ്ഡലത്തിലുള്ളവരെയെല്ലാം തനിക്ക് പരിചയമുണ്ടെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ ശക്തമായ പിന്തുണ തനിക്കുണ്ടെന്നും അവര്‍ പറയുന്നു.
Next Story

RELATED STORIES

Share it