ലീഗ് മൂന്നു സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചു

മലപ്പുറം: മുസ്്‌ലിംലീഗ് മൂന്നു സീറ്റുകളില്‍ക്കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഗുരുവായൂരില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി, ബാലുശ്ശേരിയില്‍ മുന്‍ എംഎല്‍എ യു സി രാമന്‍, കുറ്റിയാടിയില്‍ കെഎംസിസി നേതാവ് പാറക്കല്‍ അബ്ദുല്ല എന്നിവര്‍ മല്‍സരിക്കും. ഇരവിപുരത്തിനു പകരം മറ്റൊരു സീറ്റെന്ന ആവശ്യത്തില്‍ തീരുമാനമായിട്ടില്ല. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയശേഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പകരം സീറ്റ് സംസ്ഥാനത്ത് എവിടെ ലഭിച്ചാലും സ്വീകരിക്കും. അതേസമയം, ഇരവിപുരത്തിനു പകരം കരുനാഗപ്പള്ളിയെന്ന ആവശ്യം കോണ്‍ഗ്രസ്സിന് സ്വീകാര്യമാവാത്തതാണു പ്രശ്‌നമെന്നറിയുന്നു. ചടയമംഗലം തരാമെന്നു കോണ്‍ഗ്രസ് പറഞ്ഞെങ്കിലും ലീഗ് സമ്മതംമൂളിയിട്ടില്ല. കുന്നമംഗലം, തവനൂര്‍ സീറ്റുകളില്‍ ഏതെങ്കിലുമൊന്ന് അനുവദിക്കണമെന്നാണ് ലീഗിന്റെ ഇപ്പോഴത്തെ ആവശ്യം.കുന്ദമംഗലത്തിനു പകരമാണ് ലീഗിന് ബാലുശ്ശേരി അനുവദിച്ചത്. കുറ്റിയാടിക്കു പകരം നാദാപുരം ചോദിച്ചിരുന്നെങ്കിലും ലഭിച്ചില്ല. സൂപ്പി നരിക്കാട്ടിരിയെ ഇവിടെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു പരിപാടി. പാണക്കാട്ട് നടന്ന ലീഗ് ഉന്നതാധികാരസമിതി യോഗത്തില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, എംപി മാരായ ഇ അഹമ്മദ്, പി വി അബ്ദുല്‍ വഹാബ്, ഇ ടി മുഹമ്മദ് ബഷീര്‍, എംഎല്‍എമാരായ കെ എന്‍ എ ഖാദര്‍, എം പി അബ്ദുസ്സമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it