malappuram local

ലീഗ് പിന്തുണയില്‍ എടപ്പറ്റ പഞ്ചായത്ത് ഭരണം സിപിഎമ്മിന്

മലപ്പുറം: മുസ്‌ലിം ലീഗിന്റെ പിന്തുണയോടെ എടപ്പറ്റ പഞ്ചായത്ത് ഭരണം സിപിഎമ്മിന്. പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമായി സിപിഎമ്മിനെ പിന്തുണച്ച ലീഗ് കൗണ്‍സിലര്‍മാരെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സംസ്ഥാന കമ്മിറ്റി സസ്‌പെന്റ് ചെയ്തു. എടപ്പറ്റ പഞ്ചായത്ത് ലീഗ് കമ്മിറ്റി പിരിച്ച് വിടുകയും ചെയ്തു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഇവിടെ യുഡിഎഫ് സംവിധാനം നിലവിലില്ല.
കോണ്‍ഗ്രസും ലീഗും തെറ്റിപ്പിരിഞ്ഞ് നില്‍ക്കുന്ന എടപ്പറ്റ പഞ്ചായത്ത് ഭരിച്ചത് കഴിഞ്ഞ അഞ്ച് വര്‍ഷം കോണ്‍ഗ്രസ് ഒറ്റക്കായിരുന്നു. കോണ്‍ഗ്രസിലെ ജോര്‍ജ് മാഷായിരുന്നു പ്രസിഡന്റ്. പതിനഞ്ച് അംഗ പഞ്ചായത്തില്‍ ഇത്തവണ കോണ്‍ഗ്രസിന് ആറ് സീറ്റാണ് ലഭിച്ചത്.സിപിഎം അഞ്ച്, ലീഗ് നാല് എന്നിങ്ങനെയാണ് കക്ഷിനില. കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി ടി ജെ മറിയക്കുട്ടിക്കെതിരെ മുസ്‌ലിം ലീഗ് അഗംങ്ങള്‍ സിപിഎം സ്ഥാനാര്‍ഥിയായ എന്‍ പി തനൂജക്ക് വോട്ട് നല്‍കുകയായിരുന്നു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തനൂജയ്ക്ക് ഏഴും മറിയക്കുട്ടിക്ക് ആറും വോട്ടുകളാണ് ലഭിച്ചത്. ലീഗിലെ രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു. സിപിഎമ്മും ലീഗും ഒരുമിച്ച് നില്‍ക്കുകയും രണ്ട് ലീഗ് അംഗങ്ങള്‍ വിട്ടു നില്‍ക്കുകയും ചെയ്തതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. യുഡിഎഫിനെ തുരങ്കം വെക്കുന്നതും പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധവുമായ നിലപാടാണ് അംഗങ്ങള്‍ എടുത്തതെന്ന വിലയിരുത്തലിലാണ് സസ്‌പെന്‍ഷന്‍ നടപടി. വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നവരടക്കം മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാരായ റാഫി,റഫീഖ് കുട്ടശ്ശേരി, സി ടി ഫാത്തിമ, ചാലില്‍ ഫാത്തിമ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. സിപിഎമ്മിന് പിന്തുണ നല്‍കുന്നതിന് നേതൃത്വം കൊടുത്ത എടപ്പറ്റ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയെ പിരിച്ചുവിട്ടതായും സംസ്ഥാന കമ്മിറ്റി അറിയിച്ചു.
Next Story

RELATED STORIES

Share it