ലീഗ് പട്ടികയില്‍ ഇടം പിടിച്ചത് പ്രതീക്ഷിച്ച സ്ഥാനാര്‍ഥികള്‍ തന്നെ

സമീര്‍ കല്ലായി

മലപ്പുറം: മുസ്‌ലിംലീഗിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നപ്പോള്‍ ഇക്കുറി അപ്രതീക്ഷിത സ്ഥാനാര്‍ഥികള്‍ ആരുമില്ല. തഴയപ്പെട്ടവരാകട്ടെ പ്രവര്‍ത്തകരുടെ മാര്‍ക്കിടലില്‍ പ്രകടനം മോശമായവരും. തേജസ് അടക്കമുള്ള മാധ്യമങ്ങള്‍ സൂചിപ്പിച്ചവര്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം ഉറപ്പിച്ചപ്പോള്‍ ആകെ അപ്രതീക്ഷിതം കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ കോട്ടക്കലില്‍ സ്ഥാനാര്‍ഥിയായതാണ്.
സ്വന്തം മണ്ഡലമായ മങ്കടയിലാണ് തങ്ങളെ ആദ്യം പരിഗണിച്ചിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടര്‍ന്നാണ് കോട്ടക്കലിലേക്ക് മാറ്റിയത്. മങ്കടയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും ഇപ്പോള്‍ ഭരണം ഇടതുമുന്നണിയാണ്. കുറുവയിലും മക്കരപ്പറമ്പിലും ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് ലീഗ് ഭരണം.
മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലെ മുന്‍ എംഎല്‍എ കെ കെ എസ് തങ്ങളുടെ മകനായ ആബിദ് ഹുസൈന്‍ തങ്ങള്‍ മക്കരപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. മുസ്‌ലിംലീഗ് മങ്കട മണ്ഡലം പ്രസിഡന്റ്, ഫാറൂഖ് കോളജ് അധ്യാപകന്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
കൊടുവള്ളിയിലെ നിയുക്ത സ്ഥാനാര്‍ഥി എം എ റസാഖ് മാസ്റ്റര്‍ മുസ്‌ലിംലീഗ് കോഴിക്കോട് ജില്ലാ ജന. സെക്രട്ടറിയാണ്. ജീവകാരുണ്യ രംഗത്ത് പ്രശസ്തമായ സി എച്ച് സെന്ററിന്റെ സെക്രട്ടറിയെന്ന നിലയിലാണ് റസാഖ് അറിയപ്പെടുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്ത് മെംബറായും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും തിളങ്ങിയ ഇബ്രാഹീം നിലവില്‍ ലീഗ് ജില്ലാ സെക്രട്ടറിയാണ്.
കൊണ്ടോട്ടി ഇഎംഇഎ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ ഇബ്രാഹീം പൂക്കോട്ടൂര്‍ അത്താണിക്കല്‍ സ്വദേശിയാണ്. വള്ളിക്കുന്നിലേക്കു പരിഗണിക്കപ്പെട്ട പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ മലപ്പുറം ജില്ലാ ലീഗ് ജന. സെക്രട്ടറിയാണ്. കീഴാറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍, പട്ടിക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
കെ എന്‍ എ ഖാദര്‍ നിയമസഭയില്‍ മുസ്‌ലിംലീഗിന്റെ ശബ്ദമായിരുന്നെങ്കിലും പ്രവര്‍ത്തകരുമായി ബന്ധമില്ലാത്തതാണ് വിനയായത്. കെ മുഹമ്മദുണ്ണി ഹാജിക്ക് മികച്ച ട്രാക്ക് റെക്കോഡുണ്ടെങ്കിലും പുതുമുഖങ്ങളെ പരിഗണിക്കേണ്ടി വന്നതിനാലാണ് ഒഴിവാകേണ്ടി വന്നത്. സി മോയിന്‍കുട്ടിയെ മാറ്റി നിര്‍ത്തിയതും മറ്റൊന്നുമല്ല. കെ എം ഷാജി, എം കെ മുനീര്‍ എന്നിവര്‍ മണ്ഡലം മാറാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അനുവദിച്ചില്ല. ഇതിനു തടയിടുന്നതിന്റെ ഭാഗമായാണ് മലപ്പുറത്തേക്കു മാറാനിരുന്ന പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ തന്നെ മല്‍സരിക്കാന്‍ തീരുമാനിച്ചത്. തിരൂരില്‍ മമ്മുട്ടിക്കും മണ്ണാര്‍ക്കാടു ഷംസുദ്ദീനും പ്രവര്‍ത്തകരുടെ പിന്തുണയാണ് കരുത്തായത്.
Next Story

RELATED STORIES

Share it