ലീഗ് നേതാവ് വിറ്റ കോളജില്‍ കാവിവല്‍ക്കരണം

കാസര്‍കോട്: മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സ്ഥാപിതമായ പെര്‍ളയിലെ നളന്ദ കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കാവിവല്‍ക്കരിക്കാന്‍ ശ്രമം തുടങ്ങി. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ചെയര്‍മാനായി സി എച്ച് മുഹമ്മദ്‌കോയ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കോളജ് കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കര്‍ണാടക പുത്തൂര്‍ ആസ്ഥാനമായുള്ള ആര്‍എസ്എസ് ട്രസ്റ്റിന് വില്‍പ്പന നടത്തിയത് തേജസ് വാര്‍ത്തനല്‍കിയിരുന്നു. ആര്‍എസ്എസ് നേതാവിന്റെ കീഴിലുള്ള ട്രസ്റ്റിന് കോളജ് വിറ്റതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മൂന്നു കോടി രൂപയ്ക്കാണു കോളജും അനുബന്ധ സ്ഥാപനങ്ങളും ആര്‍എസ്എസ് നേതാവ് പ്രഭാകര്‍ ചെയര്‍മാനായ വിവേകാനന്ദ വിദ്യാവര്‍ധക സംഘത്തിന് കൈമാറിയത്.
പുത്തൂര്‍ എജ്യൂക്കേഷന്‍ സൊസൈറ്റിക്ക് കീഴിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കോളജില്‍ മുസ്‌ലിം പെ ണ്‍കുട്ടികള്‍ക്കു നമസ്‌കരിക്കാന്‍ അനുവദിച്ചിരുന്ന പ്രാര്‍ഥനാമുറി സംഘപരിവാരം ഇടപെട്ട് അടച്ചുപൂട്ടിയിരുന്നു. ഇതിനെതിരേ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചുവെങ്കിലും മതേതരത്വ രാജ്യത്ത് ഇത്തരം സ്ഥാപനങ്ങളില്‍ പ്രാര്‍ഥനാഹാള്‍ അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു മാനേജ്‌മെന്റ്. കോളജില്‍ പുതുതായി സ്ഥാപിച്ച ശ്രീമാതാ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം മംഗളൂരു എംപി നളിന്‍ കുമാര്‍ കട്ടീലിന്റെ അധ്യക്ഷതയില്‍ നാളെ ഉച്ചയ്ക്ക് മൂന്നിന് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഉദ്ഘാടനം ചെയ്യും.
ആര്‍എസ്എസ് ഓള്‍ ഇന്ത്യ സഹകാര്യവാഹക് ഡോ. കൃഷ്ണഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലായിരുന്ന ഈ കോളജില്‍ നിരവധി ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ പഠനത്തിന് ചേര്‍ന്നിരുന്നു. ട്രസ്റ്റിന് കീഴിലുള്ള കോളജ് തങ്ങള്‍ വിലയ്ക്കുവാങ്ങിയത് ശരിയാണെന്നും സ്ഥാപനത്തില്‍ മതേതരത്വം പുലര്‍ത്താന്‍ ശ്രമിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it