ലീഗുമായി സഖ്യത്തിന്  സാഹചര്യമില്ലെന്ന് വൈക്കം

സ്വന്തം പ്രതിനിധി

കോട്ടയം: മുസ്‌ലിംലീഗ് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണെന്നും നിലവില്‍ അവരുമായി സഖ്യത്തില്‍ ഏര്‍പ്പെടേണ്ട കാര്യമില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ഇക്കാര്യം ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നില്ല. ലീഗിനോടുള്ള സിപിഎമ്മിന്റെ സമീപനത്തില്‍ ഇതുവരെ മാറ്റംവന്നിട്ടില്ല. ഭാവിയില്‍ എന്തു നടക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദേഹം പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന ത്രിതലം തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ആരു നയിക്കും എന്ന് ഇപ്പോഴേ ചര്‍ച്ചചെയ്യുന്ന സമീപനം സിപിഎമ്മിനില്ല. തിരഞ്ഞെടുപ്പ് വരുമ്പോള്‍ അക്കാര്യം ആലോചിക്കുമെന്നും അദേഹം പറഞ്ഞു. ലാഭക്കച്ചവടക്കാരന്റെ ശൈലിയാണു വെള്ളാപ്പള്ളി നടേശന്റേത്. നിയമനങ്ങളിലും മറ്റും കോഴ വാങ്ങിയെന്ന് വി എസ് അച്യുതാനന്ദന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എന്തുകൊണ്ടാണു വ്യക്തമായ മറുപടി പറയാത്തത്. മൈക്രോ ഫിനാന്‍സ് മാക്രോ ഫിനാന്‍സായി മാറിയെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. എസ്എന്‍ഡിപി-ബിജെപി സഖ്യത്തോടെ ശ്രീനാരായണഗുരുദേവന്റെ ദര്‍ശനങ്ങളെ ഹനിക്കുകയാണ് ഉണ്ടായത്. ഗുരുദേവ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍ക്ക് ഈ സഖ്യം ഒരിക്കലും അംഗീകരിക്കാനാവില്ല. എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്ക് എങ്ങനെ ബിജെപിയോടു യോജിക്കാനാവുമെന്ന് അദ്ദേഹം ചോദിച്ചു.
ഹിന്ദു ഐക്യത്തിനും രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരണത്തിനുമില്ലെന്ന എന്‍എസ്എസ് നിലപാട് സ്വാഗതാര്‍ഹമാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ വിധിയെഴുത്താവും ഈ തിരഞ്ഞെടുപ്പുഫലം. രാജ്യത്തു വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന കേന്ദ്രസര്‍ക്കാരിനെ തള്ളിപ്പറയാതെ ബിജെപിയുടെ വര്‍ഗീയ അജണ്ടയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കീഴടങ്ങുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്നു കരുതിയാണ് ബിജെപിയുടെ വര്‍ഗീയതയെ രഹസ്യമായി ഉമ്മന്‍ചാണ്ടി പിന്തുണയ്ക്കുന്നത്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ആക്രമിക്കുന്നതിനെ എല്‍ഡിഎഫ് എതിര്‍ക്കുന്നതുകൊണ്ട് അതു ന്യൂനപക്ഷ പ്രീണനമാക്കി ചിത്രീകരിക്കുന്നതു ശരിയല്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.—
Next Story

RELATED STORIES

Share it