ലിബിയയില്‍ പുതിയ ഐക്യസര്‍ക്കാര്‍

ട്രിപ്പോളി: യുഎന്‍ മുന്നോട്ടു വച്ച പദ്ധതി പ്രകാരം ലിബിയയില്‍ പുതിയ ഐക്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്തെ സംഘര്‍ഷത്തിലുള്ള വിഭാഗങ്ങളെ ഐക്യപ്പെടുത്തുന്നതായിരിക്കും പുതിയ സര്‍ക്കാര്‍. സര്‍ക്കാരിന് 48 മണിക്കൂറിനകം പുതിയ പേരു നിര്‍ദേശിക്കണമെന്ന് തുണിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമിതി ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നതായി റിപോര്‍ട്ടുകളുണ്ട്.
32 മന്ത്രിമാരുടെ പേര് നിര്‍ദേശിക്കുന്ന കരാറില്‍ ഒമ്പത് പേരടങ്ങുന്ന സമിതിയിലെ ഏഴംഗങ്ങള്‍ മാത്രമേ ഒപ്പു വച്ചിട്ടുള്ളൂ. ഒരു വനിതാ മന്ത്രിയുടെയും പേരു നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്ത് സ്ഥിരത കൊണ്ടുവരുന്നതിനും ഐഎസ് പോലുള്ള സായുധസംഘങ്ങളില്‍ നിന്നുള്ള ഭീഷണി കൈകാര്യം ചെയ്യുന്നതിനും പുതിയ സര്‍ക്കാരിന് സാധിക്കുമെന്നാണ് യുഎന്‍ പ്രതീക്ഷിക്കുന്നത്.
2014ല്‍ രണ്ടു സര്‍ക്കാരുകള്‍ വന്നതോടെ രാജ്യത്ത് ഭിന്നത നിലനില്‍ക്കുകയാണ്. ദേശീയ സര്‍ക്കാര്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍നിന്നും വിമത സര്‍ക്കാര്‍ കിഴക്കന്‍ നഗരമായ തൊബ്രൂക്കില്‍ നിന്നുമാണ് ഭരണം നടത്തുന്നത്. പരസ്പരം മല്‍സരിക്കുന്ന ഇരു പാര്‍ലമെന്റുകളും കരാറിനെ പിന്തുണച്ചിട്ടില്ല എന്നാണ് വിവരം. രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും സംഘടനകളെയും പ്രതിനിധീകരിക്കുന്നതല്ല പദ്ധതിയെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നുണ്ട്.
തൊബ്രൂക്കിലെ ഹൗസ് ഓഫ് റെപ്രസെെന്ററ്റീവ്‌സും ട്രിപ്പോളിയിലെ ജനറല്‍ നാഷനല്‍ കോണ്‍ഗ്രസ്സും കരാറിന് അനുമതി നല്‍കേണ്ടതുണ്ട്. ഹൗസ് ഓഫ് റെപ്രസെന്റെറ്റീവ്‌സിന് പത്തു ദിവസത്തെ സമയം അനുവദിച്ചിരിക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട് ജനറല്‍ നാഷനല്‍ കോണ്‍ഗ്രസ്സില്‍ ഇതിനോടകം തന്നെ ഭിന്നതയുണ്ടായിട്ടുണ്ട്.
Next Story

RELATED STORIES

Share it