ലിബിയയില്‍ ഐക്യ സര്‍ക്കാര്‍ അധികാരമേറ്റു



ട്രിപ്പോളി: ലിബിയയില്‍ ഐക്യ സര്‍ക്കാരിന് അധികാരം കൈമാറിയെന്നു തുനിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎന്‍ പിന്തുണയുള്ള പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍. ലിബിയയില്‍ അധികാരം കൈയാളുന്ന വിമത സര്‍ക്കാരുകളോടുള്ള ഇടപാടുകള്‍ അവസാനിപ്പിക്കണമെന്നും അവര്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. 2011ല്‍ മുഅമ്മര്‍ ഗദ്ദാഫിയെ അധികാരത്തില്‍നിന്നു പുറത്താക്കിയ ശേഷം ലിബിയയില്‍ ഉടലെടുത്ത രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്ക് ഇതോടെ അറുതിയാവുമെന്നാണ് പ്രതീക്ഷ.
തബ്രൂക്ക് ആസ്ഥാനമായി ഈസ്‌റ്റേണ്‍ ഹൗസ് ഓഫ് റെപ്രസന്ററ്റീവ്‌സ്(എച്ച്ഒആര്‍)ഉം ട്രിപ്പോളി ആസ്ഥാനമായി ജനറല്‍ നാഷനല്‍ കോണ്‍ഗ്രസ്സുമാണ് ഭരണം നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം അവസാനമാണ് പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ ഐക്യ സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമം തുടങ്ങിയത്. കഴിഞ്ഞ മാസം കൗണ്‍സില്‍ ഒരു ഐക്യ സര്‍ക്കാരിനെ നാമനിര്‍ദേശം ചെയ്തിരുന്നെങ്കിലും അതിന് എച്ച്ഒആറിന്റെ അംഗീകാരം ലഭിച്ചിരുന്നില്ല.
എന്നാല്‍, എച്ച്ഒആറിലെ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ പുതിയ സര്‍ക്കാരിനുണ്ടെന്ന് പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. കൗണ്‍സിലിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സര്‍ക്കാരില്‍ എച്ച്ഒആറിനായിരിക്കും മുന്‍ഗണന. രണ്ടാമത്തെ ചേംബര്‍ ജിഎച്ച്‌സിക്കുമായിരിക്കും. സുരക്ഷാപ്രശ്‌നങ്ങള്‍ കാരണം തബ്രൂക്കില്‍നിന്ന് ഭരണ ആസ്ഥാനം ട്രിപ്പോളിയിലേക്കു മാറ്റുന്നതു സംബന്ധിച്ചു വ്യക്തത കൈവന്നിട്ടില്ല.
Next Story

RELATED STORIES

Share it