World

ലിബിയന്‍ സൈന്യം സെര്‍തെ തിരിച്ചുപിടിച്ചു

ട്രിപ്പോളി: ലിബിയയില്‍ യുഎന്‍ പിന്തുണയുള്ള ഐക്യസര്‍ക്കാര്‍ സൈന്യം ഐഎസ് അധീനതയിലുള്ള തുറമുഖമായ സെര്‍തെ തിരിച്ചുപിടിച്ചു.
കിഴക്കന്‍ സെര്‍തെയിലെ ജനവാസ കേന്ദ്രങ്ങളും തിരിച്ചുപിടിച്ചിട്ടുണ്ട്. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ ഐഎസിന്റെ ശക്തികേന്ദ്രമായിരുന്നു ഇവിടമെന്ന് സൈനിക വക്താവ് റിദ ഇസ്സ എഎഫ്പി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
മുന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ ജന്മനാടായ സെര്‍തെയില്‍ സൈന്യം നേടിയ നേട്ടം ഐഎസിന് കനത്ത തിരിച്ചടിയാണ്. നഗരത്തിലെ ഭൂരിഭാഗം ജനങ്ങളും നേരത്തേ പലായനം ചെയ്തു. ഇപ്പോള്‍ 30,000ഓളം മാത്രമാണ് ജനസംഖ്യ. ഒരു മാസത്തോളമായി തുടരുന്ന ദൗത്യത്തിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് സൈന്യം സെര്‍തെയില്‍ പ്രവേശിച്ചത്.
ദൗത്യം പ്രതീക്ഷിച്ചത്ര ബുദ്ധിമുട്ടുള്ളതായിരുന്നില്ലെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. സൈന്യത്തിന്റെ പുരോഗതിയെ ലിബിയയിലെ യുഎന്‍ നയതന്ത്രജ്ഞന്‍ മാര്‍ട്ടിന്‍ കോബ്ലര്‍ അഭിനന്ദിച്ചു.
അതേസമയം, സെര്‍തെ തിരിച്ചുപിടിച്ചതിലൂടെ ഐഎസിനെ രാജ്യത്തുനിന്നു പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്‌തെന്നല്ല അര്‍ഥമാക്കേണ്ടതെന്നും അവര്‍ ഇനിയും ശക്തി പ്രാപിച്ചേക്കാമെന്നും നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.
ലിബിയയില്‍ 5000ഓളം ഐഎസ് ഭടന്മാരുണ്ടെന്നാണ് വിദേശ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കണക്കുകള്‍ കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ ഐഎസ് അധീനതയിലാണ് മേഖല.
ശനിയാഴ്ച ഐഎസുമായുള്ള പോരാട്ടത്തില്‍ രണ്ട് സര്‍ക്കാര്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മെയ് 12ന് ദൗത്യം ആരംഭിച്ചതു മുതല്‍ 137 സര്‍ക്കാര്‍ സൈനികര്‍ കൊല്ലപ്പെടുകയും 500ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം.
Next Story

RELATED STORIES

Share it