ernakulam local

ലിഫ്റ്റ് ഇറിഗേഷന്‍ കനാല്‍ തകര്‍ന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

കാലടി: മലയാറ്റൂര്‍ പഞ്ചായത്തിലെ നീലീശ്വരം ലിഫ്റ്റ് ഇറിഗേഷന്‍ കനാല്‍ തകര്‍ന്നത് കര്‍ഷകര്‍ക്ക് പ്രതിസന്ധിയുണ്ടാക്കുന്നു. നടുവട്ടം ഭാഗത്തേയ്ക്കുള്ള കോണ്‍ക്രീറ്റ് കനാല്‍ രണ്ടുമാസമായി തകര്‍ന്നു കിടക്കുകയാണ്. വേനല്‍ കടുക്കുമ്പോള്‍ ഇതുമൂലം ജലസേചനത്തിനു സാധ്യമാവാതെ കാര്‍ഷിക വിളകള്‍ക്ക് നാശം നേരിടുമെന്ന് പാടശേഖര സമിതി ചൂണ്ടിക്കാട്ടി. മുണ്ടങ്ങാമറ്റം കളമ്പാട്ടുപുരം, നടുവട്ടം തുടങ്ങിയ പ്രദേശങ്ങളില്‍ കൃഷിക്കും കുടിവെള്ളത്തിനും ആശ്രയിക്കുന്നത് കനാല്‍ വെള്ളത്തെയാണ്. നിലവാരമില്ലാത്ത നിര്‍മാണരീതിയാണ് കനാലിന്റെ തകര്‍ച്ചയ്ക്കു കാരണമെന്നും അടിയന്തരമായി പുനര്‍നിര്‍മിച്ചു കര്‍ഷകരുടെ ആശങ്കയകറ്റണമെന്നും പാടശേഖരസമിതി ആവശ്യപ്പെട്ടു.
തെങ്ങ്, ജാതി, പച്ചക്കറി, നെല്ല്, വാഴ, കപ്പ, ചേന തുടങ്ങിയ കൃഷികളാണ് പറമ്പുകളിലും പാടശേഖരത്തിലുമായി ചെയ്യുന്നത്. പലരും പാട്ടത്തിനു ഭൂമി കണ്ടെത്തിയും വായ്പയെടുത്തും പങ്കിനുമെല്ലാമാണ് കൃഷിയിറക്കുക. വെള്ളം ലഭിക്കാതെവരുമെന്ന ഭയത്താല്‍ പലരും വിളയിറക്കാന്‍ മടിക്കുകയാണ്. സ്വന്തം സ്ഥലത്ത് ഇത്തരം കൃഷികള്‍ ചെയ്യുന്ന കര്‍ഷകരും ഇവിടെ കുറവല്ല. 400 മീറ്റര്‍ നീളത്തിലാണ് കനാല്‍പൊളിഞ്ഞു വീണിട്ടുള്ളത്.
Next Story

RELATED STORIES

Share it