World

ലിക്കുഡ് പാര്‍ട്ടിയില്‍ തീവ്രവാദം വളരുന്നതായി ആരോപണം ഇസ്രായേല്‍ പ്രതിരോധമന്ത്രി രാജിവച്ചു

തെല്‍അവീവ്: ഇസ്രായേല്‍ പ്രതിരോധമന്ത്രി മോഷെ യാലോണ്‍ രാജിവച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് താന്‍ രാജിവയ്ക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഭരണത്തിലിരിക്കുന്ന ലിക്കുഡ് പാര്‍ട്ടിയില്‍ തീവ്രവാദം വളരുന്നതായും യാലോണ്‍ ആരോപിച്ചു. അവിഗ്‌ദോര്‍ ലിയെബെര്‍മാന്റെ യിസ്രായേല്‍ ബെയ്‌തെയ്‌നു പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള നെതന്യാഹുവിന്റെ നീക്കമാണ് യാലോണിന്റെ രാജിക്കു കാരണം. പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയാല്‍ മുന്‍ വിദേശകാര്യമന്ത്രിയായിരുന്ന ലിയെബെര്‍മാനെ പ്രതിരോധമേധാവിയാക്കാമെന്ന് നെതന്യാഹു വാഗ്ദാനം ചെയ്തതായാണ് വിവരം. സഖ്യത്തിലൂടെ മന്ത്രിസഭയിലെ സ്വാധീനം വര്‍ധിപ്പിക്കാനാണ് നീക്കം. ഫലസ്തീനികള്‍ക്കെതിരായ ക്രൂര നടപടികളുടെ പേരില്‍ കുപ്രസിദ്ധനാണ് ലിയെബെര്‍മാന്‍. അതിനിടെ, അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ കുടിയേറ്റമേഖലയില്‍ താമസിക്കുന്ന ലിയെബെര്‍മാന്‍ ഗസയിലെ ഹമാസ് ഭരണകൂടത്തെ താഴെയിറക്കാനും ശ്രമം നടത്തിയിരുന്നു. മന്ത്രിസഭയില്‍ ആറു സീറ്റുള്ള യിസ്രായേല്‍ ബെയ്‌തെയ്‌നു പാര്‍ട്ടിയുമായി നെതന്യാഹു സര്‍ക്കാര്‍ സഖ്യമുണ്ടാക്കിയാല്‍ ഇസ്രായേല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ തീവ്രവലതുപക്ഷ സഖ്യമായിരിക്കുമിത്. പ്രധാനമന്ത്രിയിലുള്ള തന്റെ വിശ്വാസം നഷ്ടപ്പെട്ടതായി നെതന്യാഹുവിനെ അറിയിച്ചതായും രാഷ്ട്രീയജീവിതത്തില്‍ നിന്നും താല്‍കാലികമായി വിട്ടുനില്‍ക്കുകയാണെന്നും യാലോണ്‍ പറഞ്ഞു. ജൂണില്‍ ഫ്രാന്‍സിന്റെ മധ്യസ്ഥതയില്‍ ഇസ്രായേല്‍-ഫലസ്തീന്‍ സമാധാനചര്‍ച്ചകള്‍ നടക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് രാജി. എന്നാല്‍ യാലോണ്‍ വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ് മന്ത്രിസഭയില്‍ തുടരണമെന്നാണ് ആഗ്രഹമെന്ന് നെതന്യാഹു പ്രതികരിച്ചു. രണ്ടുദിവസം മുമ്പ് ഇസ്രായേല്‍ കരസേനാ ഉപമേധാവി മേജര്‍ ജനറല്‍ യെയ്ര്‍ ഗൊലാന്‍ ഇസ്രായേല്‍ സമൂഹത്തെ നാത്‌സി ജര്‍മനിയോട് ഉപമിച്ചിരുന്നു.
Next Story

RELATED STORIES

Share it