ലാവ്‌ലിന്‍ ഹരജി ഹൈക്കോടതി മാറ്റിവച്ചു

കൊച്ചി: സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രതിയായ ലാവ്‌ലിന്‍ കേസിലെ റിവിഷന്‍ ഹരജികള്‍ രണ്ടുമാസത്തിനുശേഷം പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റി. കേസില്‍ അടിയന്തര വാദം കേള്‍ക്കേണ്ട അസാധാരണ സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും കോടതിയെ രാഷ്ട്രീയനേട്ടത്തിനായുള്ള വേദിയാക്കരുതെന്നും ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കി.
2000 മുതലുള്ള കേസുകള്‍ പരിഗണനയിലാണ്. ലാവ്‌ലിന്‍ കേസില്‍ മാത്രം അടിയന്തരമായി വാദം കേള്‍ക്കണമെന്നാവശ്യപ്പെടുന്നത് എന്തുകൊണ്ടെന്നും സര്‍ക്കാര്‍ എന്തിനു ധൃതികൂട്ടുന്നുവെന്നും കോടതി ചോദിച്ചു.
സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹരജിയില്‍, കേന്ദ്രത്തിന്റെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാവുന്നതിനാല്‍ വാദം നീട്ടിവയ്ക്കണമെന്ന് സിബിഐ സ്റ്റാന്റിങ് കോണ്‍സല്‍ പി ചന്ദ്രശേഖരപ്പിള്ള ആവശ്യപ്പെട്ടു. എന്നാല്‍. ഇതിനെ സര്‍ക്കാരും മറ്റൊരു റിവിഷന്‍ ഹരജി നല്‍കിയ കെ എം ഷാജഹാനും എതിര്‍ത്തു. സര്‍ക്കാരിന്റെ നീക്കം രാഷ്ട്രീയനേട്ടത്തിനാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പഴയ കേസുകള്‍ തീര്‍പ്പാക്കുന്നതിനാണ് മുന്‍ഗണനയെന്നും ഇപ്പോള്‍ ഈ കേസ് പരിഗണിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് പഠിക്കാന്‍ സാവകാശം വേണ്ടതിനാല്‍ മാര്‍ച്ച് 17ലേക്കു മാറ്റണമെന്നാണ് ആവശ്യമെന്ന് സിബിഐ ബോധിപ്പിച്ചു.
പിണറായി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരേ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹരജിയാണ് കോടതി പരിഗണിച്ചത്. കേസ് ഉടന്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഉപഹരജി നല്‍കുകയായിരുന്നു. അതേസമയം, കേസില്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ എന്ന നിലയില്‍ ടി ആസഫലി ഹാജരാവുന്നത് തടയണമെന്നാവശ്യപ്പെട്ട് ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി എ ഫ്രാന്‍സിസ് പ്രത്യേക ഹരജി സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it