ലാവ്‌ലിന്‍ ഹരജികള്‍ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനുള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തമാക്കിയ കോടതി ഉത്തരവിനെതിരേ സിബിഐ ഉള്‍പ്പെടെ നല്‍കിയ റിവിഷന്‍ ഹരജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇതിനിടെ ലാവ്‌ലിന്‍ കേസില്‍ കക്ഷി ചേരാന്‍ അനുമതി തേടി ഇന്നലെ ഹൈക്കോടതിയില്‍ ഭരണങ്ങാനം അലനാട് സ്വദേശി ജീവന്‍ ഹരജി നല്‍കി.
ഇതുള്‍പ്പെടെയുള്ള എല്ലാ ഹരജികളും ഇന്ന് ഹൈക്കോടതി മുമ്പാകെ പരിഗണനയ്‌ക്കെത്തും. ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യ പങ്ക് വഹിച്ച ദീലീപ് രാഹുലന്‍ എന്നയാളെ സിബിഐ കേസില്‍ പ്രതിയാക്കിയിട്ടില്ലെന്നും ഇത് കേസിനെ ദുര്‍ബലമാക്കിയതായും ഇന്നലെ നല്‍കിയ ഹരജിയില്‍ പറയുന്നു. അതിനാല്‍ പിണറായി വിജയനുള്‍പ്പെടെയുള്ള പ്രതികളെ സിബിഐ കോടതി കുറ്റവിമുക്തമാക്കിയതിനെതിരേ സിബിഐ നല്‍കിയ റിവിഷന്‍ ഹരജിയില്‍ കക്ഷി ചേര്‍ക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. ദുബയില്‍ താമസക്കാരിയായ ഷാലെറ്റ് അന്‍േറാണിയോ എന്ന സ്ത്രീയുടെ പക്കല്‍ ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകള്‍ ഉള്ളതായി ഹരജിയില്‍ പറയുന്നു.
അവാന്ത് ഹോള്‍ഡിങ്‌സ് എന്ന പേരില്‍ ദുബയില്‍ ബിസിനസ് നടത്തിയിരുന്ന അന്റോണിയോ വര്‍ഗീസിന്റെ ഭാര്യയാണ് ഷാലെറ്റ്. മധ്യ പൂര്‍വേഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രമുഖരായ ഇന്ത്യക്കാരായ ബിസിനസുകാരനെന്ന നിലയില്‍ ഇന്ത്യന്‍ സൂപ്പര്‍ 100 മാഗസിനില്‍ പേര് ഉള്‍പ്പെട്ടയാളാണ് അന്‍േറാണിയോ. എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുടെ പ്രാദേശിക പ്രതിനിധിയായിരുന്ന ദിലീപ് രാഹുലനാണ് കെഎസ്ഇബിയുമായി ബന്ധപ്പെടുത്തി ലാവ്‌ലിന്‍ കരാറിന് ഇടനില നിന്നത്. പസഫിക് സണ്‍ട്രോള്‍ സിസ്റ്റമെന്ന സ്ഥാപനത്തിന്റെ ഉടമയായ ദിലീപും ഇന്ത്യന്‍ സൂപ്പര്‍ 100 മാഗസിന്റെ മികച്ച ബിസിനസുകാരന്റെ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ്.
ലാവ്‌ലിന്‍ വിവാദമായതോടെ അന്ന് നല്ല സുഹൃത്തായിരുന്ന അന്റോണിയോയെ ഇടപാടുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകള്‍ ദിലീപ് രാഹുലന്‍ ഏല്‍പിച്ചിരുന്നു. ഇവര്‍ തമ്മില്‍ ശത്രുതയുണ്ടാവുകയും ഇതിനിടെ അന്റോണിയോ ദുബയിലെ ജയിലിലാവുകയും ചെയ്തു. പിന്നീട് വീട് മാറാന്‍ ശ്രമിക്കുമ്പോഴാണ് പല ബാഗുകളില്‍ നിന്ന് അന്‍േറാണിയോയെ ദിലീപ് ഏല്‍പിച്ച വിവിധ രേഖകള്‍ ഷാലെറ്റ് കണ്ടെത്തുന്നത്.
പിണറായി ഉള്‍പ്പെടെ ലാവ്‌ലിന്‍ കേസിലെ പ്രതികളുമായി ദിലീപ് രാഹുലന്‍ ബന്ധപ്പെട്ടത് തെളിയിക്കുന്ന ഫോണ്‍, കത്ത്, ആല്‍ബം, സീഡി, കാമറ തുടങ്ങിയ രേഖകള്‍ ബാഗുകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പണമിടപാട് നടന്നതിനും രേഖകളുണ്ട്. യുഎഇയിലെ അബുദാബി ബാങ്കില്‍ ഉദ്യോഗസ്ഥനായ പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് പണം കൈമാറിയിട്ടുണ്ട്. 8000 കോടി ദിര്‍ഹം തട്ടിച്ച ശേഷം ദിലീപ് ദുബയ് വിട്ട് കാനഡയിലേക്ക് കടന്നിരിക്കുകയാണ്.ഇയാളെ പ്രതിചേര്‍ക്കാതെയാണ് ലാവ്‌ലിന്‍ കേസന്വേഷണവും തുടര്‍ നടപടികളുമുണ്ടായതെന്നും ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it