ലാവ്‌ലിന്‍: റിവിഷന്‍ ഹരജികള്‍ ജൂണ്‍ 9ന് പരിഗണിക്കും

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയതിനെതിരേ ഹൈക്കോടതിയില്‍ നല്‍കിയ റിവിഷന്‍ ഹരജികള്‍ ജൂണ്‍ ഒമ്പതിനു പരിഗണിക്കാനായി മാറ്റി. സിബിഐ കോടതി വിധിക്കെതിരായ റിവിഷന്‍ ഹരജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന ക്രൈം എഡിറ്റര്‍ നന്ദകുമാറിന്റെ അപേക്ഷയിലാണ് ജസ്റ്റിസ് ബി കെമാല്‍പാഷയുടെ ഉത്തരവ്. 2013 നവംബര്‍ 21ന് സമര്‍പ്പിച്ച ഹരജി 2016 ഫെബ്രുവരിയില്‍ കോടതിയില്‍ വന്നെങ്കിലും പിന്നീട് ഇതുവരെ പരിഗണിക്കപ്പെട്ടില്ലെന്നാണു നന്ദകുമാറിന്റെ പരാതി.
കേസിലെ എതിര്‍കക്ഷിയായ പിണറായി വിജയന്‍ മുഖ്യമന്ത്രിയായ സാഹചര്യത്തില്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹരജി വേഗത്തില്‍ തീര്‍പ്പാക്കണമെന്നുമാണ് ആവശ്യം. എന്നാല്‍ ഇത്തരം ഹരജികള്‍ രാഷ്ട്രീയപ്രേരിതമാണെന്നു പിണറായി വിജയന്റെ അഭിഭാഷകനും കേസുമായി ബന്ധമില്ലാത്തവരുടെ ഹരജികള്‍ അനുവദിക്കരുതെന്ന് സിബിഐ അഭിഭാഷകനും കോടതിയെ അറിയിച്ചു.
മുഖ്യമന്ത്രിയായി പിണറായി ചുമതലയേല്‍ക്കുന്ന ദിവസം തന്നെ കേസ് നല്‍കിയതില്‍നിന്ന് ഹരജിക്കാരന്റെ ലക്ഷ്യം വ്യക്തമാണ്. കേസ് വേഗം കേള്‍ക്കണമെന്ന ഹരജികള്‍ രാഷ്ട്രീയപ്രേരിതമാണെന്നു നേരത്തെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയതാണെന്നും പിണറായിയുടെ അഭിഭാഷകന്‍ എം കെ ദാമോദരന്‍ ബോധിപ്പിച്ചു.
റിവിഷന്‍ ഹരജികള്‍ പരിഗണിക്കുന്നതിനു മുമ്പ് ഇവ വേഗം കേള്‍ക്കണമെന്ന ഹരജികളുടെ നിയമസാധുത ആദ്യം പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. 2009-2010 കാലഘട്ടത്തിലെ റിവിഷന്‍ ഹരജികളാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. ലാവ്‌ലിന്‍ കേസുകള്‍ എപ്പോള്‍ വാദത്തിനെടുക്കാന്‍ കഴിയുമെന്നറിയിക്കാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കിയ കോടതി, ഇത്തരമൊരു ഹരജി നല്‍കാന്‍ നന്ദകുമാറിന് കേസുമായി എന്താണു ബന്ധമെന്നും ചോദിച്ചു.
ലാവ്‌ലിന്‍ അഴിമതി സംബന്ധിച്ച പരാതിക്കാരനാണ് തന്റെ കക്ഷിയെന്നായിരുന്നു നന്ദകുമാറിന്റെ അഭിഭാഷകന്റെ മറുപടി. കേസില്‍ വേഗം തീര്‍പ്പുണ്ടാക്കണമെന്ന ആവശ്യം മറ്റൊരു ഹരജിക്കാരനായ കെ എം ഷാജഹാനും ഉന്നയിച്ചു. സിബിഐ അന്വേഷിച്ച കേസില്‍ സിബിഐ കോടതിയാണു പ്രതികളെ കുറ്റവിമുക്തരാക്കിയത്. ഇതിനെതിരേ സിബിഐയുടെ റിവിഷന്‍ ഹരജി നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ മറ്റു ഹരജികള്‍ പരിഗണിക്കേണ്ടതില്ലെന്നാണ് സിബിഐ അഭിഭാഷകന്റെ വാദം.
Next Story

RELATED STORIES

Share it