ലാവ്‌ലിന്‍: രാഷ്ട്രീയ പ്രേരിതമെന്ന് പിണറായി

കാസര്‍കോട്: ലാവ്‌ലിന്‍ കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സ്വന്തം പാര്‍ട്ടിക്കാരെ കൂടി ലക്ഷ്യമിട്ടാണ് ഉമ്മന്‍ചാണ്ടിയുടെ നീക്കമെന്നും പിണറായി പറഞ്ഞു.
തന്റെ യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഈ കേസ് വീണ്ടും കുത്തിപ്പൊക്കിയതിന് പിന്നില്‍ ആരാണെന്ന് അറിയാം. കോടതി തള്ളിയ കേസ് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വീണ്ടും കൊണ്ടുവരാന്‍ നടത്തുന്ന ബോധപൂര്‍വമായ തന്ത്രമാണിത്. ഇതിനെ രാഷ്ട്രീയമായി നേരിടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹരജിയെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം തന്നെ അദ്ഭുതപ്പെടുത്തിയെന്നും പിണറായി പറഞ്ഞു. ഈ കേസ് കുത്തിപ്പൊക്കുന്നതിലൂടെ കോണ്‍ഗ്രസ്സിനുള്ളില്‍ത്തന്നെ ചിലരെയാണ് ഉമ്മന്‍ചാണ്ടി ലക്ഷ്യം വയ്ക്കുന്നത്. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ല. മുമ്പും താന്‍ ഈ നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. നവകേരള മാര്‍ച്ചിന് മുന്നോടിയായി കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖലകള്‍ സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് വൈകിട്ട് മൂന്നിന് ഉപ്പളയില്‍ സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നവകേരള മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, മുതിര്‍ന്ന നേതാക്കള്‍ സംബന്ധിക്കും. ജാഥയില്‍ എട്ട് സ്ഥിരാംഗങ്ങളാണുള്ളത്. എം വി ഗോവിന്ദന്‍മാസ്റ്റര്‍, കെ ജെ തോമസ്, എംപിമാരായ എം വി രാജേഷ്, പി കെ ബിജു, എ സമ്പത്ത്, കെ ടി ജലീല്‍ എംഎല്‍എ, പി കെ സൈനബ എന്നിവരാണ് അംഗങ്ങള്‍. ഇന്ന് വൈകീട്ട് അഞ്ചിന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ആദ്യ സ്വീകരണം നല്‍കും.
Next Story

RELATED STORIES

Share it