ലാവ്‌ലിന്‍: ഫെബ്രുവരി അവസാനവാരം പരിഗണിക്കും,ഹരജി അനുവദിച്ചു

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി ഉത്തരവിനെതിരേ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹരജിയില്‍ അടുത്തമാസം അവസാനവാരം വാദം തുടങ്ങും. സിബിഐയുടെ പുനപ്പരിശോധനാ ഹരജി വേഗത്തില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉപഹരജി അനുവദിച്ചാണ് ജസ്റ്റിസ് പി ഉബൈദിന്റെ ഉത്തരവ്. സിബിഐ നല്‍കിയ ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനെ കക്ഷിചേര്‍ക്കുന്നതിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. സര്‍ക്കാരിന് സാമ്പത്തികനഷ്ടമുണ്ടാക്കിയ ലാവ്‌ലിന്‍ ഇടപാടില്‍ ഗൂഢാലോചന നടത്തിയതിന് പിണറായി വിജയനടക്കമുള്ളവര്‍ക്കെതിരേ വ്യക്തമായ തെളിവുകളുണ്ടായിട്ടും അതൊന്നും പരിഗണിക്കാതെയാണ് കുറ്റവിമുക്തരാക്കി ഉത്തരവിട്ടതെന്നായിരുന്നു സര്‍ക്കാര്‍ വാദം. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് ശരിയല്ലെന്ന സര്‍ക്കാരിന്റെ വാദത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതി വ്യക്തമാക്കി. അഴിമതി നിരോധന പ്രകാരമുള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ട് 15 വര്‍ഷം മുമ്പ് സമര്‍പ്പിച്ച ഹരജികള്‍ പോലും കോടതി പരിഗണിച്ച് തീര്‍പ്പാക്കിയിട്ടില്ല. എങ്കിലും സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയതും സര്‍ക്കാരിനെ ബാധിക്കുന്നതുമായ പ്രശ്‌നത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നു കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ പൊതുപ്രാധാന്യമുള്ള വിഷയം വേഗം പരിഗണിച്ച് തീര്‍പ്പാക്കുന്നതിനു സാധ്യമായതെല്ലാം ചെയ്യേണ്ടതുണ്ടെന്നും ഈ സാഹചര്യത്തില്‍ ക്രമം കണക്കാക്കാതെ സിബിഐ നല്‍കിയ പുനപ്പരിശോധനാ ഹരജി ഫെബ്രുവരി അവസാനവാരത്തില്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കുറ്റാരോപണം നടത്താതെയും വിചാരണയ്ക്ക് വിടാതെയും സിബിഐ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത് അപക്വമായ നടപടിയാണെന്നാണ് സര്‍ക്കാരിന്റെയും സിബിഐയുടെയും വാദം. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെടുന്ന ഹരജികളില്‍ തീരുമാനമെടുക്കുമ്പോള്‍ സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളും ഉത്തരവുകളും പ്രകാരം പാലിക്കേണ്ട മുന്‍കരുതലുകളൊന്നും സിബിഐ കോടതി സ്വീകരിച്ചിട്ടില്ല. സുപ്രിംകോടതി നിര്‍ദേശങ്ങളെ അവഗണിക്കുകയോ അലക്ഷ്യമായി തള്ളിക്കളയുകയോ ചെയ്തിരിക്കുകയാണെന്നും ഇക്കാര്യങ്ങള്‍ റിവിഷന്‍ ഹരജി പരിഗണിക്കുമ്പോള്‍ ആഴത്തില്‍ പരിശോധിക്കേണ്ടവയാണെന്നും കോടതി വ്യക്തമാക്കി.സിബിഐക്ക് വിട്ട കേസിലെ നടപടികള്‍ വേഗത്തിലാക്കാനാവശ്യപ്പെട്ട് സര്‍ക്കാരിന് കേസില്‍ പങ്കാളിയാവാന്‍ അധികാരമില്ലെന്ന് പിണറായി വിജയനു വേണ്ടി ഹാജരായ അഡ്വ. എം കെ ദാമോദരന്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പും പിണറായി വിജയന്റെ നവകേരള യാത്രയും മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഹരജി നല്‍കിയതെന്നും പിണറായിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, രാഷ്ട്രീയപ്രശ്‌നങ്ങളൊന്നും തങ്ങളെ ബാധിക്കില്ലെന്നു വ്യക്തമാക്കിയ കോടതി സര്‍ക്കാരിന്റെ വാദം കേള്‍ക്കുന്നതിന് അനുകൂലമായ നിലപാടെടുത്തു. സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടായതുമായി ബന്ധപ്പെട്ട കേസെന്ന നിലയില്‍ പ്രാധാന്യമുണ്ടെന്ന് കോടതി വിലയിരുത്തി. മാത്രമല്ല, റിവിഷന്‍ ഹരജിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കേസില്‍ കക്ഷിയുമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഉപഹരജി പരിഗണിക്കുന്നതില്‍ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it