ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ല: അഡ്വക്കറ്റ് ജനറല്‍

കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ലെന്ന് അഡ്വ. സി പി സുധാകരപ്രസാദ്. പുതിയ അഡ്വ. ജനറലായി സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ എടുത്ത നിലപാടില്‍ നിന്ന് പിന്‍മാറുന്ന കാര്യം സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കും. നിലവില്‍ ഈ കേസില്‍ മെറിറ്റില്ലെന്നും യുഡിഎഫ് സര്‍ക്കാര്‍ ഉന്നയിച്ച കേസില്‍ മെറിറ്റ് നല്‍കാനുള്ള യാതൊരു മെറ്റീരിയലും ഇല്ലെന്നും സുധാകരപ്രസാദ് വ്യക്തമാക്കി. അത് ശരി വയ്ക്കുന്നതാണ് നിലവിലെ ഡിസ്ചാര്‍ജ്. എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ നേരത്തെ സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തില്‍ ഉറച്ചു നില്‍ക്കും.
അഡ്വക്കറ്റ് ജനറലായി നേരത്തെ അഞ്ച് വര്‍ഷത്തെ പരിചയം തനിക്കുണ്ടെന്നും അത് ഉപയോഗപ്പെടുത്തി സത്യസന്ധമായും ജനോപകാരപ്രദമായും ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്യും. അഭിഭാഷകരെ സാധാരണ ജനങ്ങളുമായി അടുപ്പിക്കുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇത്തവണ കുറച്ചുകൂടി സംശുദ്ധമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും സുധാകരപ്രസാദ് പറഞ്ഞു. ഇത് രണ്ടാം തവണയാണ് സുധാകരപ്രസാദിനെ അഡ്വക്കറ്റ് ജനറലായി തിരഞ്ഞെടുക്കുന്നത്.
Next Story

RELATED STORIES

Share it