kozhikode local

ലാന്റ്-റവന്യൂ റിക്കവറി വരുമാനത്തില്‍ ജില്ലയ്ക്ക് മികച്ച നേട്ടം; പിരിച്ചെടുത്തത് 68.32 കോടി

കോഴിക്കോട്: 68.32 കോടി രൂപ സമാഹരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ മികവുപുലര്‍ത്തി. റവന്യൂ റിക്കവറി ഇനത്തില്‍ 42.56 കോടിയും ലാന്റ് റവന്യൂ ഇനത്തില്‍ 25.72 കോടിയും പിരിച്ചെടുത്താണ് റവന്യൂ വകുപ്പ് മികച്ച പ്രകടനം കാഴ്ചവച്ചത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9.48 കോടിയുടെയും 6.2 കോടിയുടെയും വര്‍ധന രണ്ടിനങ്ങളിലായി ഇത്തവണയുണ്ടായി. ജില്ലയ്ക്ക് സര്‍ക്കാര്‍ നല്‍കിയ ലക്ഷ്യത്തേക്കാള്‍ കൂടുതലാണിത്. റവന്യൂ റിക്കവറിയില്‍ 42.16 കോടിയും ലാന്റ് റവന്യൂ ഇനത്തില്‍ 20.42 കോടിയുമായിരുന്നു സര്‍ക്കാര്‍ കണക്കാക്കിയിരുന്നത്.
തദ്ദേശ സ്വയംഭരണ-നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലാണ് ഈ നേട്ടമെന്നത് ശ്രദ്ധേയമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് തിരക്കുകള്‍ ആരംഭിച്ച മാര്‍ച്ച് മാസത്തില്‍ മാത്രം 11 കോടിയിലേറെ രൂപ രണ്ട് വിഭാഗങ്ങളിലുമായി സമാഹരിക്കാനായി.
സര്‍ക്കാര്‍വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയവയ്ക്ക് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കാനുള്ള വില്‍പന നികുതി, വാഹന നികുതി, വായ്പകള്‍ മുതലായ വിഭാഗങ്ങളിലാണ് റവന്യൂ റിക്കവറി ഇത്രയും തുക വീണ്ടെടുത്തത്.
ലാന്റ് റവന്യൂ വിഭാഗം ഭൂനികുതി, കെട്ടിട നികുതി, ജലസേചന നികുതി, തോട്ട നികുതി തുടങ്ങിയ ഇനങ്ങളിലും തുക സമാഹരിച്ചു.
Next Story

RELATED STORIES

Share it