Kottayam Local

ലഹരി വേട്ട: എക്‌സൈസും പോലിസും രംഗത്ത്

കോട്ടയം: മയക്കു മരുന്നു ഉപയോഗത്തിന് വിധേയരായ വിദ്യാര്‍ഥികളുടെ എണ്ണം ജില്ലയില്‍ വര്‍ധിച്ചുവരുന്ന റിപോര്‍ട്ടുകളെ തുടര്‍ന്ന് എക്‌സൈസിനൊപ്പം പോലിസും മയക്കുമരുന്നുവേട്ട ശക്തമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാതല ജനകീയ സമിതി യോഗത്തില്‍ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ യു വി ജോസാണ് ഇക്കാര്യം അറിയിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തുള്ള കടകള്‍ നിരീക്ഷിക്കും. സ്‌കൂള്‍ സമയത്തും അല്ലാത്തപ്പോഴും വിദ്യാര്‍ഥികളുമായി ബന്ധപ്പെടുന്നവരേയും നിരീക്ഷിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നാണ് കഞ്ചാവ് ജില്ലയിലെത്തുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണം കുമളി കേന്ദ്രീകരിച്ച് നടക്കുകയും ചെയ്യുന്നുണ്ട്. കുട്ടികളേയോ മുതിര്‍ന്നവരേയോ മയക്കുമരുന്നിന്റെ വലയില്‍ വീഴ്ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കും.
ഇത്തരക്കാരെ കണ്ടെത്താന്‍ എക്‌സൈസ് ഷാഡോ വിംഗും പോലിസിന്റെ അഞ്ച് സ്‌ക്വാഡും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അന്വേഷണവും റെയ്ഡും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം എക്‌സൈസ് നടത്തിയ 738 റെയ്ഡുകളില്‍ 110 ആളുകളുടെ പേരില്‍ കേസെടുത്തു. പോലിസ് നടത്തിയ 650 റെയ്ഡുകളില്‍ കുറ്റക്കാരായി കണ്ടെത്തിയ 343 പേരെ അറസ്റ്റ് ചെയ്തു.
ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. ജില്ലാ കലക്ടര്‍ നല്‍കിയ ഫണ്ടുപയോഗിച്ച് പൊന്‍കുന്നം 504 കോളനിയില്‍ ബോധവല്‍ക്കരണ ക്ലാസ്സിനു പുറമേ മെഡിക്കല്‍ ക്യാംപും ടെലി ഫിലിം പ്രദര്‍ശനവും സന്ദേശ പ്രചരണവും നടത്തിയതായി ജനകീയ സമിതി യോഗത്തില്‍ അസി. എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it