Kottayam Local

ലഹരി വിരുദ്ധപ്രവര്‍ത്തനം; ജനപ്രതിനിധികള്‍ സജീവമാവണമെന്ന് ജനകീയസമിതി

കോട്ടയം: എക്‌സൈസ് വകുപ്പിന്റെ നേതൃത്വില്‍ ജില്ലയില്‍ നടത്തിവരുന്ന എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളിലും ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും ജനപ്രതിനിധികള്‍ സജീവ പങ്കാളിത്തം നല്‍കണണമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ജനകീയസമിതി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
അനധികൃത മദ്യത്തിന്റെ നിര്‍മാണം-വിപണനം, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും എന്നിവ തടയുന്നതിന് കലക്ടര്‍ അധ്യക്ഷനായുള്ള ജനകീയ സമിതിയിലും ജനപ്രതിനിധികളുടെ പങ്കാളിത്തം കുറയുന്നതായി യോഗം വിലയിരുത്തി.
പഞ്ചായത്തുതല ജനകീയ കമ്മിറ്റികള്‍ കൃത്യമായി ചേര്‍ന്ന് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പ്രാദേശിക നേതൃത്വം നല്‍കുന്നതിന് ജനപ്രതിനിധികള്‍ തയ്യാറാവണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഏഡിഎം മോന്‍സി പി അലക്‌സാണ്ടര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കു മരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നതില്‍ സമിതി അംഗങ്ങള്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു.
ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസ് നടത്തും. ക്ലാസ് സംഘടിപ്പിക്കാന്‍ താല്‍പ്പര്യമുള്ള സ്‌കൂള്‍ അധികൃതര്‍ എക്‌സൈസ് ഓഫിസുമായി ബന്ധപ്പെടണം. ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട ജില്ലാതല കോ ഓഡിനേഷന്‍ കമ്മിറ്റി പുതിയ പ്രോജക്ടുകള്‍ തയ്യാറാക്കി വരികയാണ്.
ജില്ലയിലെ കോളനികള്‍, വിദ്യാലയങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങള്‍ പോലിസ്-എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. കഴിഞ്ഞമാസം 2107 റെയ്ഡുകളാണ് ജില്ലയില്‍ നടത്തിയത്. 388 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 257 പേരെ അറസ്റ്റ് ചെയ്തതായും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ യോഗത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it