Pathanamthitta local

ലഹരിക്കെതിരേ കാംപയിനുമായി ഏഴംകുളം പഞ്ചായത്ത്

ഏഴംകുളം: വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനെതിരേ ജനകീയ കാംപയിനുമായി ഏഴംകുളം ഗ്രാമപ്പഞ്ചായത്ത്. ജനങ്ങളുടെ ഇടയില്‍ വര്‍ധിച്ചുവരുന്ന കഞ്ചാവ്-മദ്യ-പുകയില ഉല്‍പന്ന ഉപഭോഗത്തിനെതിരേയാണ് പഞ്ചായത്ത് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കഞ്ചാവിന്റെ വിപണനം വ്യാപകമാണ്.
ഒരു മാസംമുമ്പ് പഞ്ചായത്ത് പ്രദേശത്തുനിന്നു പോലിസ് കഞ്ചാവ്‌ചെടി കണ്ടെടുക്കുകയും ഇത് നട്ടുവളര്‍ത്തിയ ആളിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ പരസ്യ മദ്യാപാനം വ്യാപകമായിരിക്കുകയാണ്. ഇത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ ഭീഷണിയുയര്‍ത്തുന്നു. ടിബി രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലഹരി വിമുക്ത ഗ്രാമം കാംപയിന്‍ ഏറ്റെടുക്കുവാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പോലിസ്, എക്‌സൈസ്, വിദ്യാഭ്യാസ വകുപ്പുകളെയും, കുടുംബശ്രീ, വ്യാപാരികള്‍, ജെസിഐ റസിഡന്‍സ് അസോസിയേഷന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ തുടങ്ങിയ സംഘടനകളെയും സഹകരിപ്പിച്ചാണ് കാംപയിന്‍ നടത്താന്‍ ഒരുങ്ങുന്നത്. കാംപയിന്റെ ആലോചനയോഗം ഇന്ന് വൈകീട്ട് മൂന്നിന് എംസണ്‍ ഓഡിറ്റോറിയത്തില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it