ലശ്കര്‍ കമാന്‍ഡര്‍ അബുകാസിം ഏറ്റുമുട്ടലില്‍ മരിച്ചു

ശ്രീനഗര്‍: ലശ്കറെ ത്വയ്യിബ കമാന്‍ഡറും ഉദ്ദംപൂര്‍ ആക്രമണത്തിന്റെ ആസൂത്രകനുമായ അബുകാസിം ഏറ്റുമുട്ടലില്‍ മരിച്ചതായി സുരക്ഷാസേന. കശ്മീരില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നടന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചയാളാണ് അബുകാസിം എന്നു സേനാവൃത്തങ്ങള്‍ അറിയിച്ചു.
ശ്രീനഗറില്‍ നിന്ന് 80 കിമീ അകലെ കുല്‍ഗാമിലെ കാന്തിപുര ഗ്രാമത്തില്‍ വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്നു അബുകാസിം. രഹസ്യവിവരം കിട്ടിയതനുസരിച്ച് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് സുരക്ഷാസേന ഗ്രാമം വളഞ്ഞു. കരസേനയും പോലിസും അര്‍ധസൈനിക വിഭാഗവും സംയുക്തമായിട്ടായിരുന്നു സൈനിക നടപടി സ്വീകരിച്ചത്.
സൈന്യത്തിന്റെ വലയം ഭേദിക്കാന്‍ അബുകാസിമിന്റെ കൂടെ ഉണ്ടായിരുന്നയാള്‍ ശ്രമം നടത്തിയതിനിടയിലാണ് കാസിം കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. കാസിമിനെ വധിക്കാനായത് വന്‍ നേട്ടമാണെന്നു പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ് ജി എം ഗിലാനി പറഞ്ഞു. പാകിസ്താനിലെ ഭവല്‍പൂര്‍ സ്വദേശിയായ കാസിമിനെ പിടിച്ചു കൊടുക്കുന്നവര്‍ക്കോ വധിക്കുന്നവര്‍ക്കോ സംസ്ഥാന പോലിസും ഉദ്ദംപൂര്‍ ആക്രമണം അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയും 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അബ്ദുര്‍റഹിമാന്‍ എന്നാണ് കാസിമിന്റെ യഥാര്‍ഥ പേര്.
ഈ വര്‍ഷം ആഗസ്ത് അഞ്ചിന് ഉദ്ദംപൂരില്‍ ബിഎസ്എഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിനു പുറമെ ഒക്ടോബര്‍ 7ന് ബന്ദിപുരയില്‍ സബ്ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ കേസിലും 2013ലെ ഹൈദര്‍പുര ആക്രമണക്കേസിലും അബുകാസിം പ്രതിയാണെന്നും ഐജി പറഞ്ഞു.
Next Story

RELATED STORIES

Share it