ലളിതകലാ അക്കാദമി ആസ്ഥാനത്തെ സ്റ്റോര്‍ റൂം സീല്‍ ചെയ്തു

ന്യൂഡല്‍ഹി: സെക്രട്ടറി രേഖകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് ലളിതകലാ അക്കാദമി ആസ്ഥാനത്തെ സ്റ്റോര്‍ റൂം സാംസ്‌കാരിക മന്ത്രാലയം സീല്‍ ചെയ്തു. സെക്രട്ടറി ഡോ. സുധാകര്‍ ശര്‍മയ്‌ക്കെതിരായ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണു നടപടി. ആദ്യമായാണു മന്ത്രാലയം അതിന്റെ കീഴിലുള്ള ഒരു സ്വതന്ത്ര സ്ഥാപനത്തിന്റെ സ്റ്റോര്‍ റൂം സീല്‍ ചെയ്യുന്നത്. മുമ്പ് രണ്ടുതവണ പിരിച്ചുവിടുകയും പിന്നീടു തിരിച്ചെടുക്കുകയും ചെയ്ത ശര്‍മയ്‌ക്കെതിരേ സാമ്പത്തിക തിരിമറികള്‍ ഉള്‍പ്പെടെ വിവിധ ആരോപണങ്ങളുണ്ട്.
ശര്‍മ ഇതുസംബന്ധിച്ച തെളിവുകള്‍ നശിപ്പിക്കുന്നുവെന്ന് അക്കാദമി ജീവനക്കാര്‍ മന്ത്രാലയത്തിനു പരാതി നല്‍കുകയായിരുന്നു. ഇതിനായി സ്റ്റോര്‍ റൂമിന്റെ വ്യാജ താക്കോല്‍ സംഘടിപ്പിച്ച ശര്‍മ തന്റെ സഹായിയെ ഉപയോഗിച്ച് ഡിജിറ്റലും അല്ലാത്തതുമായ രേഖകള്‍ നശിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. നാലുവര്‍ഷത്തെ ഡെപ്യൂട്ടേഷനില്‍ 2001ലാണ് ശര്‍മ അക്കാദമിയിലെത്തുന്നത്. 2005 മാര്‍ച്ചില്‍ കാലാവധി തീരേണ്ടതായിരുന്നുവെങ്കിലും സര്‍ക്കാര്‍ പോസ്റ്റില്‍ സ്ഥിരപ്പെടുത്തി. 2011 ഡിസംബര്‍ രണ്ടിനാണ് കൃത്യവിലോപം ചൂണ്ടിക്കാട്ടി ശര്‍മയെ അക്കാദമി ചെയര്‍മാന്‍ അശോക് വാജ്‌പേയി സസ്‌പെന്‍ഡ് ചെയ്തത്.വൈകാതെ മന്ത്രാലയം ശര്‍മയെ പുനര്‍നിയമിച്ചു. 2013ല്‍ ശര്‍മയെ വീണ്ടും സസ്‌പെന്‍ഷനിലായി. 2014 മെയില്‍ ശര്‍മയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. ഇതിനെതിരേ ശര്‍മ കോടതിയില്‍ പോവുകയും തിരിച്ചെടുക്കണമെന്ന ഉത്തരവ് സമ്പാദിക്കുകയും ചെയ്തു.
എന്നാല്‍ പിരിച്ചുവിടുമ്പോള്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഷനിലായിരുന്ന ശര്‍മ തുടര്‍ന്നും സസ്‌പെന്‍ഷനിലായിരിക്കുമെന്ന് അക്കാദമി ഉത്തരവിട്ടു. ശര്‍മയെ തിരിച്ചെടുത്തതിനെതിരേ പരാതിയുമായി ചക്രബര്‍ത്തി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു കത്തെഴുതി. എന്നാല്‍, 2015 ഏപ്രിലില്‍ മന്ത്രാലയം ചക്രബര്‍ത്തിയെ പിരിച്ചു വിട്ടു. കഴിഞ്ഞ ഒക്ടോബറില്‍ മന്ത്രാലയത്തിന്റെ പൂര്‍ണ പിന്തുണയോടെ ശര്‍മ വീണ്ടും തല്‍സ്ഥാനത്തെത്തിയത് കലാകാരന്‍മാരുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലാണ്.
Next Story

RELATED STORIES

Share it