ലങ്കയെ അശ്വിന്‍ കറക്കി വീഴ്ത്തി

വിശാഖപട്ടണം: ആര്‍ അശ്വിന്റെ മാസ്മരിക സ്പിന്‍ ബൗളിങ് ആക്രമണത്തില്‍ ശ്രീലങ്ക കറങ്ങി വീണു. ശ്രീലങ്കയ്‌ക്കെതിരേ ഇന്നലെ നടന്ന അവസാന ട്വന്റിയിലാണ് അശ്വിന്‍ മാസ്മരിക ബൗളിങുമായി മികച്ചുനിന്നത്. മല്‍സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കിയ ഇന്ത്യ മൂന്നു മല്‍സരങ്ങളുടെ ട്വന്റി പരമ്പര 2-1ന് കൈക്കലാക്കുകയും ചെയ്തു.
നാല് ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ എട്ട് റണ്‍സ് വിട്ടുകൊടുത്ത് നാലു നിര്‍ണായക വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. ലങ്കയുടെ ആദ്യ നാല് മുന്‍നിര ബാറ്റ്‌സ്മാന്‍മാരാണ് അശ്വിന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ നിലംപതിച്ചത്. ജയത്തോടെ ട്വന്റി റാങ്കിങില്‍ ഒന്നാംസ്ഥാനം ഭദ്രമാക്കാനും ഇന്ത്യക്കായി.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ധോണിയുടെ തീരുമാനം അക്ഷരാര്‍ഥത്തില്‍ ശരിവച്ചാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. ഇതോടെ ലങ്ക 18 ഓവറില്‍ 82 റണ്‍സിന് കൂപ്പുകുത്തി. ലങ്കന്‍ നിരയില്‍ രണ്ട് പേര്‍ക്കു മാത്രമാണ് രണ്ടക്കം കാണാനായത്.
അശ്വിന് പുറമേ സുരേഷ് റെയ്‌ന രണ്ടും ആശിഷ് നെഹ്‌റ, ജസ്പ്രിത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി തിളങ്ങി.
മറുപടിയില്‍ 13.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം കാണുകയായിരുന്നു. ശിഖര്‍ ധവാന്‍ (46*), അജിന്‍ക്യ രഹാനെ (22*), രോഹിത് ശര്‍മ (13) എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തിളങ്ങിയത്. അശ്വിനെ കളിയിലെയും പരമ്പരയിലെയും താരമായി തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it