ലങ്കയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യാകപ്പ് ഫൈനലില്‍

മിര്‍പുര്‍: യുവതാരം വിരാട് കോഹ് ലിയുടെ ഇന്നിങ്‌സ് മികവില്‍ ലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യാകപ്പിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ഇന്നലെ നടന്ന മല്‍സരത്തില്‍ നാല് പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ലങ്കയെ പരാജയപ്പെടുത്തിയത്. 47 പന്തില്‍ നിന്ന് 56 റണ്‍സെടുത്ത കോഹ്‌ലിയാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.
ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങിനയച്ചു. നിശ്ചിത ഓവറില്‍ ലങ്ക ഉയര്‍ത്തിയ 139 റണ്‍സിന്റെ വിജയലക്ഷ്യം 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.
30 റണ്‍സെടുത്ത കപുഗേദരയും 22 റണ്‍സെടുത്ത സിരിവര്‍ധനയുമാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയത്. ആറു പന്തില്‍ നിന്ന് 17 റണ്‍സ് നേടിയ തിസാര പരേരയും ഒന്‍പത് പന്തില്‍ നിന്ന് 13 റണ്‍സ് നേടിയ കുലശേഖരയും വാലറ്റത്തില്‍ നടത്തിയ ചെറുത്തു നില്‍പ്പാണ് ലങ്കയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.
ഇന്ത്യയ്ക്കു വേണ്ടി ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ 11ലെത്തി നില്‍ക്കെ രണ്ടാം ഓവറില്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്ടമായി. എന്നാല്‍ കോഹ്‌ലിയും പിന്നാലെയെത്തിയ യുവരാജ് സിങ്ങും (30 പന്തില്‍ നിന്ന് 35) ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു.ഏഴു ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു ടെസ്റ്റ് നായകന്‍ അര്‍ദ്ദസെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
നാളെ നടക്കുന്ന മല്‍സരത്തില്‍ യു.എ.ഇയാണ് ഇന്ത്യയുടെ എതിരാളികള്‍. കളിച്ച മൂന്നു കളികളും ജയിച്ച് ഫൈനല്‍ ഉറപ്പാക്കിയതിനാല്‍ ഇന്ത്യയെ സംബന്ധിച്ച് ഈ മല്‍സരം അപ്രസക്തമാണ്. മൂന്നു കളികളും തോറ്റ യു.എ.ഇ നിലവില്‍ ഏഷ്യാകപ്പില്‍ നിന്നും പുറത്തായിക്കഴിഞ്ഞു.
Next Story

RELATED STORIES

Share it