Kollam Local

ലക്ഷ്യം ഇന്നുള്ളതിനേക്കാള്‍ മെച്ചപ്പെട്ട പത്തനാപുരം: ജഗദീഷ്

കൊല്ലം: തിരഞ്ഞെടുപ്പില്‍ ജയിച്ചുവന്നാല്‍ ഇന്നുള്ളതിനേക്കാള്‍ അല്‍പ്പം കൂടി മെച്ചപ്പെട്ട പത്തനാപുരം എന്നതാണ് തന്റെ ലക്ഷ്യമെന്ന് പത്തനാപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ ജഗദീഷ്. പത്തനാപുരത്തിന്റെ പടിപടിയായ ഉയര്‍ച്ചയാണ് തന്റെ മനസ്സിലുള്ളത്. മൂന്നുതവണ തുടര്‍ച്ചയായി യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ച മണ്ഡലം തനിക്ക് സുരക്ഷിത മണ്ഡലമാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പ്രസ്‌ക്ലബ് സംഘടിപ്പിച്ച ജനസഭ 2016 പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എതിര്‍സ്ഥാനാര്‍ഥിയെ വ്യക്തിപരമായ വിമര്‍ശിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. താന്‍ വിമര്‍ശിക്കുന്നത് അവരുടെ രാഷ്ട്രീയത്തെയാണ്. അതേസമയം, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ ഗണേഷ്‌കുമാര്‍ പരിഹസിച്ചത് വേദനയുണ്ടാക്കി. സ്റ്റേജ് പരിപാടിക്ക് കാനഡയില്‍ പോയപ്പോഴാണ് അച്ഛന്റെ മരണം ഉണ്ടാവുന്നത്. അന്ന് മുകേഷും ശ്രീനിവാസനും അടക്കമുള്ളവര്‍ തന്നോടൊപ്പം ഉണ്ടായിരുന്നു. സംസ്‌കാരത്തിന് എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ ഉടന്‍ അവിടെ നിന്നു പോകേണ്ടെന്ന തീരുമാനം എടുത്തത് ഒപ്പമുള്ളവരും ബന്ധക്കളുമായി ആലോചിച്ച ശേഷമായിരുന്നു. അതിനെ പൊതുവേദിയില്‍ പരിഹസിച്ച ക്രൂരനായ ഒരാളെയാണ് താന്‍ എതിരിടുന്നത്.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കാന്‍ ആഗ്രഹിക്കുകയും കൊല്ലത്ത് തന്റെ പേര് സജീവമായി പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാഷ്ട്രീയസാഹചര്യം മാറിയതുമൂലം അത് നടന്നില്ല. ഇപ്പോള്‍ ആഗ്രഹിക്കാതെയാണ് സ്ഥാനാര്‍ഥിത്വം ലഭിച്ചിരിക്കുന്നത്. സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ താനും മുകേഷും പത്രപ്രവര്‍ത്തകനോ, രാഷ്ട്രീയക്കാരനോ ഒക്കെ ആവുമായിരുന്നു. കോളജ് വിദ്യാഭ്യാസകാലത്ത് താന്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. പത്തനാപുരത്തേത് പേമെന്റ് സീറ്റാണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. പിന്മാറിയിരുന്നുവെങ്കില്‍ കോടികള്‍ ലഭിക്കുമായിരുന്നു. ആ നിലയില്‍ വേണമെങ്കില്‍ പേമെന്റ് സീറ്റെന്ന് പറയാം. സ്വന്തം മണ്ഡലത്തിനു പുറത്ത് പരിഗണന ലഭിച്ചത് വിഐപി പരിഗണനായായാണ് കാണുന്നത്. സര്‍ക്കാരിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും വികസനത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ്. ആരോപണങ്ങള്‍ വിസനത്തിന്റെ പ്രഭ കുറച്ചിട്ടുണ്ടെങ്കിലും വരുംദിവസങ്ങളില്‍ അതിന് മാറ്റമുണ്ടാവുമെന്നും ജഗദീഷ് പറഞ്ഞു.
Next Story

RELATED STORIES

Share it