ernakulam local

ലക്ഷദ്വീപുകാര്‍ക്ക് വില്‍പന നടത്തുന്നതിനായി എത്തിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍

മട്ടാഞ്ചേരി: കൊച്ചിയിലെത്തുന്ന ലക്ഷദ്വീപ്കാര്‍ക്ക് വില്‍പന നടത്തുന്നതിനായി എത്തിച്ച കഞ്ചാവുമായി യുവാവ് തോപ്പുംപടി പോലിസിന്റെ പിടിയിലായി. പള്ളുരുത്തി കച്ചേരിപ്പടി ആശുപത്രിക്ക് സമീപം അന്‍ഷാദ്(25)നെയാണ് മട്ടാഞ്ചേരി അസി. കമ്മീഷണര്‍ കെ എന്‍ അനിരുദ്ധന്‍, തോപ്പുംപടി എസ്‌ഐ സി ബിനു എന്നിവരുടെ നേതൃത്വത്തില്‍ മുണ്ടംവേലി പള്ളിക്ക് പിറക് വശത്ത് നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ സൂക്ഷിച്ചിരുന്ന ഒരു കിലോ നൂറ് ഗ്രാം തൂക്കം വരുന്ന കഞ്ചാവും പിടിച്ചെടുത്തു.
ലക്ഷദ്വീപ്കാര്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്ന വലിയ സംഘം കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മട്ടാഞ്ചേരി അസി. കമ്മീഷണര്‍ക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കഞ്ചാവ് ഉപയോഗിക്കുന്ന ലക്ഷദ്വീപ്കാരെ ചോദ്യം ചെയ്തതില്‍നിന്നാണ് പ്രതിയെ സംബന്ധിച്ച വിവരം ലഭിക്കുന്നത്. പിന്നീട് ആവശ്യക്കാരാണെന്ന വ്യാജേന മീന്‍ വില്‍പനക്കാരുടെ വേഷത്തില്‍ പോലിസ് ഇയാളെ ഫോണില്‍ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തമിഴ്‌നാട്ടില്‍നിന്ന് കിലോ പതിനായിരം രൂപക്ക് വാങ്ങി ഇയാള്‍ ഒന്നേകാല്‍ ലക്ഷം രൂപക്കാണ് ലക്ഷദ്വീപ്കാര്‍ക്ക് വില്‍ക്കുന്നതെന്ന് പോലിസ് പറഞ്ഞു. കൊച്ചിയിലെത്തുന്ന ലക്ഷദ്വീപ്കാര്‍ക്ക് കഞ്ചാവ് എത്തിക്കുന്ന വലിയ സംഘം കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പിടിയിലായ അന്‍ഷാദ് പോലിസിനോട് പറഞ്ഞു. ഇയാള്‍ സംഘത്തിലെ ഒരു ചെറിയ കണ്ണി മാത്രമാണെന്നും പോലിസ് വ്യക്തമാക്കി.
ഇത്തരക്കാരെ പിടികൂടാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. കൊച്ചി തഹസില്‍ദാര്‍ ബീഗം താഹിറയുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന. ഗ്രേഡ് എസ്‌ഐമാരായ കെ പി ജബ്ബാര്‍, തങ്കച്ചന്‍, എഎസ്‌ഐ ജയകുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ ദിലീപ്, പ്രകാശ്, സജീവ്, ജയന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഒരു മാസത്തിനിടെ തോപ്പുംപടി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്ന് രണ്ടര കിലോ കഞ്ചാവാണ് പോലിസ് പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it