kozhikode local

ലക്ഷദ്വീപിലെ മാപ്പിള കലകള്‍ സര്‍വകലാശാല കലോല്‍സവ മല്‍സരങ്ങളില്‍ ഉള്‍പ്പെടുത്തിയേക്കും

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ കലോല്‍സവങ്ങൡ ലക്ഷദ്വീപുകാരുടെ മാപ്പിളകലകള്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അനുകൂലമായ തീരുമാനമെടുക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ അറിയിച്ചു.
കലോല്‍സവ മാന്വലില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനെ പറ്റി ആലോചിക്കുകയാണെന്നും വിസി പ്രതികരിച്ചു. ലക്ഷദ്വീപില്‍ സെന്ററുകള്‍ സന്ദര്‍ശിക്കാന്‍ പോയ വിസിയും പ്രതിനിധി സംഘവും ഇതുസംബന്ധിച്ച് ദ്വീപ് വിദ്യാര്‍ഥികളില്‍ നിന്നു അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ചു.
കഴിഞ്ഞ മാസം 27 മുതല്‍ ഈ മാസം ഒന്നുവരെ കാലിക്കറ്റ് സര്‍വകലാശാലാ കാംപസില്‍ അരങ്ങേറിയ ഇന്റര്‍സോണ്‍ കലോല്‍സവത്തില്‍ ദ്വീപ് വിദ്യാര്‍ഥികളുടെ പങ്കാളിത്തമുണ്ടായിരുന്നില്ല.
കഴിഞ്ഞ കലോല്‍സവത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ. ദ്വീപിലെ കോല്‍ക്കളിയും ഒപ്പനയും മാപ്പിളപ്പാട്ടും ദഫും അറബനയും കേരളത്തിലെ കലകളില്‍ നിന്നും വ്യത്യസ്ഥമായതിനാല്‍ ദ്വീപ് വിദ്യാര്‍ഥികള്‍ക്ക് മല്‍സരിക്കാന്‍ കഴിയില്ല. ഈ കാരണത്താലാണ് ദ്വീപിലെ മാപ്പിള കലകള്‍ മാത്രമായി സോണല്‍ മല്‍സരങ്ങളില്‍ ഉള്‍പ്പെടെ കലോല്‍സവത്തില്‍ പ്രത്യേക ഇനമായി ഉള്‍പ്പെടുത്തുന്നത്.
കൂടാതെ ദ്വീപിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സപ്ലിമെന്ററി പരീക്ഷകള്‍ ഏത് കോഴ്‌സിന്റേതായാലും ആന്ത്രോത്ത്, കവരത്തി, കടമത് സെന്ററില്‍ വച്ചുതന്നെ എഴുതുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും വിസി ഉറപ്പ് നല്‍കിയിട്ടുണ്ട്.
സര്‍വകലാശാല പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന മുഴുവന്‍ സൗകര്യങ്ങളും പട്ടിക വര്‍ഗത്തില്‍പ്പെടുന്ന ദ്വീപ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്നും വൈസ് ചാന്‍സലര്‍ കടമത് സെന്ററില്‍വച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
രജിസ്ട്രാര്‍ ഡോ. ടി എ അബ്ദുല്‍മജീദ്, ഫിനാന്‍സ് ഓഫിസര്‍ കെ പി രാജേഷ്, ലക്ഷദ്വീപ് ഡീന്‍ ഡോ. പി പി മുഹമ്മദ്, സെക്ഷന്‍ ഓഫിസര്‍ പി മുഹമ്മദ് ബഷീര്‍ എന്നിവര്‍ വിസിക്കൊപ്പം ദ്വീപ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it