റോസമ്മ പുന്നൂസ് അപൂര്‍വ രാഷ്ട്രീയ റെക്കോഡുകള്‍ക്ക് ഉടമ

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: ചരിത്രത്തോടൊപ്പം നടന്ന് ചരിത്രം കുറിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു റോസമ്മ പുന്നൂസ്. ഐക്യകേരളത്തിന്റെ ആദ്യ നിയമസഭയില്‍ ഒന്നാമതായി സത്യപ്രതിജ്ഞ ചെയ്ത നിയമസഭാംഗം, ആദ്യ വനിതാ നിയമസഭാ സാമാജിക, ആദ്യ പ്രോടേം സ്പീക്കര്‍, ആദ്യ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയി, കോടതി വിധിയിലൂടെ ആദ്യമായി നിയമസഭാംഗത്വം നഷ്ടപ്പെട്ടയാള്‍ എന്നിങ്ങനെ തിരുത്താനാവാത്ത അപൂര്‍വ രാഷ്ട്രീയ റെക്കോഡുകള്‍ക്ക് ഉടമയാണ് റോസമ്മ പുന്നൂസ്.
1957ല്‍ നിലവില്‍ വന്ന ഒന്നാം കേരള നിയമസഭയില്‍ ദേവികുളത്തുനിന്നാണു സിപിഐ അംഗമായ റോസമ്മ പുന്നൂസ് വിജയിച്ചത്. ഈ തിരഞ്ഞെടുപ്പിനു മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഭര്‍ത്താവ് പി ടി പുന്നൂസ് ആലപ്പുഴയില്‍നിന്നു മല്‍സരിച്ച് ലോക്‌സഭയിലെത്തി. ഒരേസമയം നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ജയിച്ച് കയറിയ ദമ്പതികളെന്ന റെക്കോഡും ഇവര്‍ക്കു സ്വന്തം.
നിയമസഭയില്‍ 1957 ഏപ്രില്‍ 10ന് ആദ്യ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. ആദ്യ പ്രോ- ടേം സ്പീക്കറായും ചുമതലയേറ്റു. കൂടുതല്‍ ദിവസം പ്രോ ടേം സ്പീക്കറായതും അവര്‍തന്നെ. ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത വനിതാപ്രതിനിധിയെന്ന മറ്റൊരു ചരിത്രവും റോസമ്മയെ തേടിയെത്തി.
ഇഎംഎസ് നമ്പൂതിരിപ്പാട് അടക്കം ഒന്നാം കേരള നിയമസഭയിലെ മുഴുവന്‍ നിയമസഭാംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തും ചരിത്രത്താളുകളില്‍ അവര്‍ ഇടംപിടിച്ചു.
റോസമ്മയ്‌ക്കെതിരേ മല്‍സരിച്ച കോണ്‍ഗ്രസ് പ്രതിനിധി ബി കെ നായരുടെ നാമനിര്‍ദേശപത്രിക തള്ളിയതുമായി ബന്ധപ്പെട്ടാണ് തിരഞ്ഞെടുപ്പ് കേസ് തുടങ്ങിയത്. 1957ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിനെതിരേ ബികെ നായര്‍ കോട്ടയം തിരഞ്ഞെടുപ്പ് ട്രൈബ്യൂണലില്‍ കേസ് നല്‍കി.
1958ല്‍ വന്ന വിധിയില്‍ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ചു. ബി കെ നായര്‍ക്കു മല്‍സരിക്കാന്‍ അവസരം നല്‍കാന്‍ ഉത്തരവിട്ടു. ഇതോടെ ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു. 1958 മെയ് 16നു നടന്ന തിരഞ്ഞെടുപ്പില്‍ ബി കെ നായരെ പരാജയപ്പെടുത്തി കൂടുതല്‍ ഭൂരിപക്ഷത്തില്‍ വീണ്ടും നിയമസഭയിലെത്തിയപ്പോള്‍ ആദ്യ ഉപതിരഞ്ഞെടുപ്പ് വിജയിയെന്ന ബഹുമതിയും ഒരു സഭയില്‍ രണ്ടു തവണ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിതാ അംഗമെന്ന പെരുമയും റോസമ്മയ്ക്ക് സ്വന്തമായി. തുടര്‍ന്ന് 1987ല്‍ എട്ടാം കേരള നിയമസഭയിലും ആലപ്പുഴയെ റോസമ്മ പുന്നൂസ് പ്രതിനിധികരിച്ചു.
1993 മുതല്‍ 98 വരെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്നു. 2013 ഡിസംബറില്‍ നൂറാം വയസ്സിലാണു കേരള നിയമസഭയുടെ ചരിത്രത്തിനൊപ്പം നടന്ന റോസമ്മ പുന്നൂസ് വിടവാങ്ങിയത്.വൈപ്പിനില്‍ ലത്തീന്‍ കത്തോലിക്കാ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ നീക്കം
കൊച്ചി: ഇരു മുന്നണികളുടെയും വാഗ്ദാന ലംഘനങ്ങളില്‍ പ്രതിഷേധിച്ച് വൈപ്പിനില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) തീരുമാനം. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ അനുരഞ്ജന ശ്രമവുമായി മുന്നണി നേതാക്കള്‍ രംഗത്തെത്തി.
ലത്തീന്‍ സമുദായത്തിന് മുന്‍തൂക്കമുള്ള മണ്ഡലമാണ് വൈപ്പിന്‍. വൈപ്പിന്‍, കടമക്കുടി, മുളവ്കാട് പ്രദേശങ്ങളിലായി 56 ശതമാനം വോട്ടാണ് ലത്തീന്‍ സമുദായത്തിനുള്ളത്. സിറ്റിങ് എംഎല്‍എ ഇടത്മുന്നണിയിലെ എസ് ശര്‍മയും യുഡിഎഫിലെ കെ ആര്‍ സുഭാഷുമാണ് വൈപ്പിനില്‍ മല്‍സരിക്കുന്നത്. ഇവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് കെഎല്‍സിഎ വിക്ടര്‍ മരയ്ക്കാശ്ശേരിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
നിലവില്‍ കെഎല്‍സിഎ വരാപ്പുഴ അതിരൂപത എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് വിക്ടര്‍ മരയ്ക്കാശ്ശേരി. കെഎല്‍സിഎയെ അനുനയിക്കിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ രംഗത്തെത്തിയിട്ടുണ്ട്. വി എം സുധീരനുമായി ഇന്നലെ രാവിലെ ആലുവ ഗസ്റ്റ്ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സുധീരന്‍ ഉറപ്പ് നല്‍കിയതായി കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് പറഞ്ഞു. ഇടതു നേതാക്കളുമായും ഇവര്‍ ചര്‍ച്ച നടത്തി.
സമുദായത്തിന് അര്‍ഹമായ പരിഗണന ലഭിക്കുക, സമൂദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കുക, തീരദേശ നിയന്ത്രണ നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കെഎല്‍സിഎ സര്‍ക്കാരിന് മുന്നില്‍ വച്ചിരുന്നത്. എന്നാല്‍, വൈപ്പിനില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെയാണ് ഇരുമുന്നണികളും പ്രശ്‌നപരിഹാരത്തിന് വാഗ്ദാനവുമായി കെഎല്‍സിഎ നേതൃത്വത്തെ സമീപിച്ചത്.
പ്രശ്‌നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂര സിദ്ധാന്തത്തിലൂന്നിയാണ് ലത്തീന്‍ സമുദായം മുന്‍കാലങ്ങളില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നത്. എല്‍ഡിഎഫും യുഡിഎഫും നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അടുത്ത ദിവസം ചേരുന്ന രൂപതാ സെക്രേട്ടറിയറ്റില്‍ ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അഡ്വ. ഷെറി ജെ തോമസ് പറഞ്ഞു.
മണ്ഡലത്തിലെ രാഷ്ട്രീയചരിത്രം മാറ്റിമറിക്കുന്നതില്‍ നിര്‍ണായക സ്വാധീനമുള്ള ലത്തീന്‍ സമുദായത്തിന്റെ തീരുമാനം വൈപ്പിനില്‍ ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്.
Next Story

RELATED STORIES

Share it