Idukki local

റോയി വാരികാട്ടിലിന്റെ പത്രിക അംഗീകരിച്ചത് തര്‍ക്കങ്ങള്‍ക്കൊടുവില്‍

തൊടുപുഴ: തൊടുപുഴയിലെ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി റോയി വാരികാട്ടിലിന്റെ പത്രിക അംഗികരിച്ചത് തര്‍ക്കങ്ങള്‍ക്കൊടുവില്‍. ഇദ്ദേഹം പത്രിക്കയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ഥിയുടെ പേരിലുള്ള കേസുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പത്രിക തള്ളണമെന്ന് കാട്ടി യുഡിഎഫ് നേതാക്കളാണ് പരാതി നല്‍കിയത്. ഇത് ഏറെ നേരം അനിശ്ചിതാവസ്ഥയ്ക്ക് ഇടയാക്കി.
ഇന്നലെ കലക്ടറേറ്റില്‍ സബ് കലക്ടര്‍ മുമ്പാകെ നടന്ന സൂക്ഷ്മ പരിശോധനക്കിടെയായിരുന്നു ഇത്. എന്നാല്‍ ആദ്യ ദിവസം കൊടുത്ത പത്രികയില്‍ മാത്രമാണ് കേസ് സംബന്ധിച്ച് വിവരം ചേര്‍ക്കാതിരുന്നതെന്നും രണ്ടാമത് സമര്‍പ്പിച്ച രണ്ട് സെറ്റ് പത്രികയില്‍ കേസ് സംബന്ധിച്ച വിശദാശംങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റോയി സബ്കലക്ടര്‍ എന്‍ടിഎല്‍ റെഡി മുമ്പാകെ ബോധിപ്പിച്ചു. എന്നാല്‍ രണ്ടാമത് കൊടുത്ത പത്രികയില്‍ പറഞ്ഞിരിക്കുന്ന കേസുകള്‍ക്കു പുറമെ വേറൊരു കേസും റോയിക്കെതിരെ നിലവിലുണ്ടെന്ന് കരിങ്കുന്നം സ്വദേശി രേഖാമൂലം പരാതി നല്‍കി.
ഇതേ തുടര്‍ന്ന് മറ്റ് സ്ഥാനാര്‍ഥികളുടെ പത്രികകളുടെ സൂക്ഷ്മ പരിശോധന കഴിയുന്നതു വരെ തീരുമാനം പറയാതെ സബ്കലക്ടര്‍ റോയി വാരികാട്ടിന്റെ പത്രിക മാറ്റി വച്ചു.ഇത് ഇടതു ക്യാംപില്‍ ആശങ്ക പരത്തി. എന്നാല്‍ അവസാനം ആരോപിച്ച കേസ് സംബന്ധിച്ച് തനിക്ക് സമന്‍സ് ലഭിക്കാത്തതിനാല്‍ കേസ് സംബന്ധിച്ച് അറിവില്ലെന്നും അതിനാലാണ് ഇത് സത്യവാങ്മൂലത്തില്‍ ചേര്‍ക്കാതിരുന്നതെന്നും റോയി വാദിച്ചു. ഇതേ തുടര്‍ന്ന് വരണാധികാരി പത്രിക സ്വീകരിച്ചു. ഇതോടെയാണ് സ്ഥാനാര്‍ഥിക്കും ഇടതു നേതാക്കള്‍ക്കും ആശ്വാസമായത്.
അതേ സമയം റോയി വാരികാട്ടിന്റെ പത്രിക തള്ളിക്കാന്‍ യുഡിഎഫ് നേതാക്കളും രാഷ്ട്രീയ എതിരാളികളും നടത്തിയ ഗഡനീക്കം അപലപനീയവും തിരഞ്ഞെടുപ്പ് മര്യാദകളുടെ ലംഘനവുമാണെന്ന് എല്‍ഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.വ്യക്തികളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ മാധ്യമ പ്രവര്‍ത്തകന്റെ ലേബലില്‍ ശ്രമം നടത്തുന്നയാളെയാണ് ഇതിനായി യുഡിഎഫ് കേന്ദ്രങ്ങളും രാഷ്ട്രീയ എതിരാളികളും ഉപയോഗിച്ചത്. ഇയാളുടെ കള്ള നീക്കം വസ്തുതകള്‍ നിരത്തി എല്‍ഡിഎഫ് പ്രതിരോധിച്ചതിന്റെ അടിസ്ഥാനത്തില്‍ റിട്ടേണിങ് ഓഫിസര്‍ നാമനിര്‍ദേശം അംഗീകരിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it