റോഡ് വികസനം: 2,680 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലെ 20 റോഡുകളുടെ വികസനത്തിന് 2,680 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ആദ്യഘട്ടം 1,619 കോടി ചെലവില്‍ 10 റോഡുകളുടെ നിര്‍മാണമാണ് ഏറ്റെടുക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഈ സാമ്പത്തികവര്‍ഷം തന്നെ നിര്‍മാണം തുടങ്ങും. ഇതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. രണ്ടാംഘട്ടമായി 1,060 കോടി ചെലവില്‍ 10 റോഡുകളുടെ നിര്‍മാണം നടത്തും. ഇതിനും മന്ത്രിസഭായോഗം ഭരണാനുമതി നല്‍കി. അടുത്ത സാമ്പത്തികവര്‍ഷം ഇതിന്റെ നിര്‍മാണം തുടങ്ങും. വികസനപ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്തുന്നതിന് പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ ഒരു രൂപ സെസ് ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ 50 പൈസ 14 ജില്ലകളിലെ പ്രധാന റോഡുകളുടെ വികസനത്തിനും 50 പൈസ ലക്ഷം വീട് പുനരുദ്ധാരണത്തിനും പാവപ്പെട്ടവര്‍ക്കു വീടുനിര്‍മിക്കുന്നതിനുമാണ് വിനിയോഗിക്കുക. ഇതനുസരിച്ച് റോഡ് വികസന ഇനത്തില്‍ 400 കോടി രൂപ പിരിച്ചെടുത്തതായി മുഖ്യമന്ത്രി പറഞ്ഞു. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഇതോടെ യാഥാര്‍ഥ്യമാവുന്നത്.
കളമശ്ശേരി ബസ് ടെര്‍മിനലിനായി കിന്‍ഫ്രയുടെ 20 സെന്റ് സ്ഥലം മുനിസിപ്പാലിറ്റിക്ക് നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. നീണ്ടകര തീരദേശ പോലിസ് സ്റ്റേഷന് തുറമുഖ എന്‍ജിനീയറിങ് വകുപ്പിന്റെ കൈവശമുള്ള 15.5 സെന്റ് ഭൂമി വിട്ടുകൊടുക്കും. കലാമണ്ഡലം ഡീംഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റൈപ്പന്റ് 1,250 രൂപയില്‍നിന്ന് 1,500 രൂപയായി ഉയര്‍ത്താനും ഇത് എല്ലാ വിദ്യാര്‍ഥികള്‍ക്കും നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പട്ടികവര്‍ഗ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് അഞ്ച് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരുടെ തസ്തികകളും 27 എല്‍ഡി ക്ലാര്‍ക്ക് തസ്തികകളും സൃഷ്ടിക്കാന്‍ അനുമതി നല്‍കി. അജണ്ടയിലെ എല്ലാ കാര്യങ്ങളും പരിഗണിക്കാന്‍ കഴിയാത്തതിനാല്‍ ഇന്ന് വീണ്ടും മന്ത്രിസഭായോഗം ചേരും.
Next Story

RELATED STORIES

Share it