Kottayam Local

റോഡ് നിര്‍മാണം അനിശ്ചിതമായി നീളുന്നു; ഏറ്റുമാനൂരില്‍ ഗതാഗതം പുനക്രമീകരിക്കാന്‍ തീരുമാനം

ഏറ്റുമാനൂര്‍: ടൗണില്‍ എംസി റോഡ് വികസനം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഏറ്റുമാനൂര്‍ ടൗണിലെ ഗതാഗത സംവിധാനത്തില്‍ പുനക്രമീകരണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം. റോഡ് നിര്‍മാണം അനിശ്ചിതമായി നീളുകയും ടൗണില്‍ വാഹനക്കുരുക്ക് പതിവാകുകയും ചെയ്ത സാഹചര്യത്തില്‍ കെ സുരേഷ് കുറുപ്പ് എംഎല്‍എയുടെ നിര്‍ദേശമനുസരിച്ച് പോലിസ് വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനം.
എറണാകുളം റോഡില്‍ നിന്നു കോട്ടയത്തേക്കുള്ള പരമാവധി വാഹനങ്ങള്‍ കാണക്കാരി, ആനമല, അതിരമ്പുഴ വഴി തിരിച്ചുവിടും. എംസി റോഡില്‍ നിന്നു പാലായിലേക്കുള്ള വാഹനങ്ങള്‍ പട്ടിത്താനം ചമുട്ടുതാണ്ടിയില്‍ നിന്നും തിരിച്ചുവിടും. റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ അതിരമ്പുഴ റോഡിലെയും പേരൂര്‍ കവലയിലെയും ബസ് സ്റ്റോപ്പുകളില്‍ ബസ്സുകള്‍ പാര്‍ക്ക് ചെയ്ത് ആളെക്കയറ്റുന്നതു നിരോധിക്കും. പേരൂര്‍ കവല മുതല്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് വരെ റോഡരികില്‍ പാര്‍ക്കിങ് അനുവദിക്കില്ല.
പേരൂര്‍ കവലയില്‍ ഗതാഗത നിയന്ത്രണത്തിന് ഹോംഗാര്‍ഡിനു പുറമേ പോലിസിനെ നിയോഗിക്കും. കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസ് സ്റ്റാന്റുകളിലേക്ക് വാഹനങ്ങള്‍ കയറുന്നതും തിരിച്ചിറങ്ങുന്നതും നിശ്ചിത വഴികളിലൂടെ മാത്രമാക്കും. ക്രമവിരുദ്ധമായി ബസ്സുകള്‍ പോകാന്‍ അനുവദിക്കില്ല.
റോഡ് നിര്‍മാണത്തിന് കുറഞ്ഞത് 40 ദിവസം കൂടിയെങ്കിലും വേണ്ടിവരുമെന്നാണ് റോഡ് നിര്‍മാണത്തിന് കരാറെടുത്തിരിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പ്രതിനിധി യോഗത്തെ അറിയിച്ചത്. അതേസമയം കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ നിരത്തരവാദപരമായ നിലപാടിനെതിരേ യോഗത്തില്‍ രൂക്ഷവിമര്‍ശനമയര്‍ന്നു. കലുങ്കിനും ഓടകള്‍ക്കുമായി കുഴിയെടുത്തപ്പോള്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കാത്തതിലും വിമര്‍ശനമുയര്‍ന്നു. അപകടമുണ്ടാവുന്നിടത്ത് സ്ലാബിട്ട് സുരക്ഷിതമാക്കാന്‍ കമ്പനി പ്രതിനിധിക്ക് സുരേഷ് കുറുപ്പ് എംഎല്‍എ നിര്‍ദേശം നല്‍കി.
സുരേഷ് കുറുപ്പ് എംഎല്‍എ അധ്യക്ഷത വഹിച്ചയോഗത്തി ല്‍ ഏറ്റുമാനൂര്‍ സിഐ ഡയകുമാര്‍ ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it