Districts

റോഡ് ഗതാഗതയോഗ്യമാക്കി സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം

ഇടുക്കി: മാങ്കുളം ഗ്രാമപ്പഞ്ചായത്തിലെ വിരിപാറ ജനറല്‍ വാര്‍ഡില്‍ മല്‍സരിക്കുന്ന കമ്പനിക്കുടി ആദിവാസി കോളനിയിലെ ശങ്കര്‍ നാഗരാജ് പ്രചാരണത്തിന്റെ അവസാനദിവസം വീടുകയറ്റം ഒഴിവാക്കി റോഡ് പ്രശ്‌നം പരിഹരിച്ചു. നാലുമാസത്തിലധികമായി തകര്‍ന്നു കിടന്ന വിരിപാറ ഭാഗത്തെ രണ്ടു വലിയ ഗര്‍ത്തങ്ങള്‍ കല്ലിട്ട് മൂടി ഉറപ്പിച്ചു ഗതാഗതയോഗ്യമാക്കിയാണു ശങ്കര്‍ മാതൃകയായത്. കൊടും കയറ്റത്തിലെ കുഴികളില്‍ വാഹനം ചാടുമ്പോള്‍ വാഹന ഉടമകള്‍ സര്‍ക്കാരിനെയും പഞ്ചായത്തിനെയും ശപിക്കുക പതിവായിരുന്നു. എന്നിട്ടും താല്‍ക്കാലികമായി പോലും റോഡ് നന്നാക്കാന്‍ ആരും തയ്യാറായില്ല. പതിവുപോലെ ഇന്നലെ ഫീല്‍ഡ് വര്‍ക്കിനു കുടിയില്‍ നിന്നെത്തിയ ശങ്കര്‍ സുഹൃത്തുക്കളുമായി കൂടിയാലോചിച്ച് ഈ നിര്‍ദേശം തിരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികളായ എബ്രഹാം മാപ്പലകേലിന്റെയും വിനു ഇലവുങ്കലിന്റെയും മുന്നില്‍വച്ചു. തുടര്‍ന്ന് 50 വീടുകള്‍ കൂടി കയറാന്‍ ബാക്കിയുണ്ടായിരുന്നിട്ടും അതൊഴിവാക്കി പ്രചാരണപരിപാടി റോഡ് നിര്‍മാണമാക്കി മാറ്റുകയായിരുന്നു.
വിരാപാറ വാര്‍ഡില്‍ വികസന മുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ശങ്കര്‍ മല്‍സരിക്കുന്നത്. ജനറല്‍ വാര്‍ഡില്‍ ആദിവാസി മല്‍സരിക്കുന്നതിനെ പൊതുവിഭാഗം എങ്ങനെ സ്വീകരിക്കും എന്ന ആശങ്ക പലര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ആദ്യദിവസം തന്നെ ശങ്കറിനെ വിരിപാറക്കാര്‍ ആവേശത്തോടെ സ്വീകരിച്ചു.
വിരിപാറയിലെ വളവുചിറയ്ക്കല്‍ ത്രേസ്യാമ്മ എന്ന 110 വയസ്സുകാരിയുടെ കാല്‍തൊട്ട് വന്ദിച്ച് പ്രചാരണം ആരംഭിച്ച ശങ്കര്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ്.
Next Story

RELATED STORIES

Share it