kannur local

റോഡ് അറ്റകുറ്റപ്പണിക്കായി ഫണ്ട്; എംഎല്‍എ നിരാഹാരം പിന്‍വലിച്ചു

പയ്യന്നൂര്‍: പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ തകര്‍ന്ന റോഡുകള്‍ അറ്റകുറ്റപ്പണി നടത്താത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സി കൃഷ്ണന്‍ എംഎല്‍എ കണ്ടോത്ത് ദേശീയപാതയോരത്ത് നാലുദിവസമായി നടത്തിവന്ന നിരാഹാര സത്യഗ്രഹം പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം വി നാരായണന്‍ നാരങ്ങനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.
മന്ത്രി എംഎല്‍എയുമായി ഫോണില്‍ സംസാരിച്ച് ഏഴിന പരിഹാര ഫോര്‍മുല മുന്നോട്ടുവച്ചു. ഇതുപ്രകാരം പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡിന്റെ നവീകരണത്തിന് മൂന്നുകോടി രൂപ ഉടന്‍ അനുവദിക്കും. വെള്ളൂര്‍-പാടിയോട്ടുചാല്‍-പുളിങ്ങോം റോഡിന്റെ നവീകരണത്തിന് 35 കോടി രൂപയുടെ പ്രപോസല്‍ ധനവകുപ്പിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി ഭരണാനുമതി നല്‍കും. ഈ റോഡിലെ അറ്റകുറ്റപ്പണിക്കായി 45 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പണി ഉടന്‍ പൂര്‍ത്തിയാക്കും. മേത്തുരുമ്പ-ചപ്പാരപ്പടവ്-കുറ്റൂര്‍ റോഡിന്റെ ഒന്നാംഘട്ടത്തിന് നാലര കോടി രൂപ അനുവദിച്ച് ഭരണാനുമതി നല്‍കും. ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് രണ്ടുകോടി രൂപ അനുവദിക്കും. മണ്ഡലത്തിലെ മറ്റു റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ചെറുതാഴം- കുറ്റൂര്‍-പെരിങ്ങോം, വെള്ളോറ-കക്കറ-കടുക്കാരം റോഡുകളുടെ എസ്റ്റിമേറ്റ് ധനവകുപ്പിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. എല്‍ഡിഎഫ് നേതാക്കളായ വി നാരായണന്‍, ടി ഐ മധുസൂദനന്‍, സി സത്യപാലന്‍, കെ വി ഗോവിന്ദന്‍, ജി ഡി നായര്‍, പി ജയന്‍, കെ വി ബാബു, ടി സി വി ബാലകൃഷ്ണന്‍, ടി പി സുനില്‍കുമാര്‍, എം രാമകൃഷ്ണന്‍, എ വി തമ്പാന്‍, ചേംബര്‍ പ്രസിഡന്റ് കെ യു വിജയകുമാര്‍ തുടങ്ങിയവര്‍ സമരപ്പന്തലില്‍ ഉണ്ടായിരുന്നു. എംഎല്‍എയുടെ സത്യഗ്രഹം സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭം നടത്താന്‍ എല്‍ഡിഎഫ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രശ്‌നത്തില്‍ പൊതുമരാമത്ത് മന്ത്രി തന്നെ നേരിട്ട് ഇടപെട്ടത്.
Next Story

RELATED STORIES

Share it