ernakulam local

റോഡ് അടച്ചു; സ്വകാര്യ ബസ്സുകള്‍ ഇനി ടൗണ്‍ ചുറ്റും

ആലുവ: സ്വകാര്യ ബസ്സുകളുടെ നഗരം ഒഴിവാക്കിയുള്ള സര്‍വീസിന് അവസാനം. ആലുവ നഗരത്തിലാണ് സ്വകാര്യ ബസ്സുകള്‍ നഗരം ചുറ്റിയുള്ള യാത്ര ഒഴിവാക്കിയിരുന്നത്.
എറണാകുളത്തുനിന്നും ആലുവയിലേക്കുള്ള സ്വകാര്യബസ്സുകളാണ് നഗരം ചുറ്റല്‍ ഒഴിവാക്കി മാര്‍ക്കറ്റിലെ സര്‍വീസ് റോഡ് വഴി സ്വകാര്യ ബസ് സ്റ്റാന്റിലെത്തി സര്‍വീസ് അവസാനിപ്പിച്ചിരുന്നത്. ഇതുമൂലം എറണാകുളം ഭാഗത്തുനിന്നടക്കം ടൗണിലേക്ക് യാത്രചെയ്യേണ്ട സ്ത്രീകളും, കുട്ടികളുമടക്കം ഏറെ ദുരിതത്തിലായിരുന്നു. ടൗണ്‍ചുറ്റാത്ത ബസ്സുകള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ-സാമൂഹിക സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതില്‍ അധികൃതര്‍ ഒരു താല്‍പര്യവും കാണിച്ചിരുന്നില്ല.
യാത്രക്കാരെ കുഞ്ഞുങ്ങളടക്കം നടുറോഡില്‍ ഇറക്കിവിടുന്ന സ്വകാര്യ ബസ്സുകളുടെ നടപടിക്കെതിരേ ആലുവ സ്വദേശിയായ പൊതു പ്രവര്‍ത്തകന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.
ടൗണ്‍ ചുറ്റാതെ യാത്രക്കാരെ പെരുവഴിയില്‍ ഇറക്കിവിടുന്ന ബസ്സുകള്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശി ഉത്തരവിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് സ്വകാര്യ ബസ് സ്റ്റാന്റിന് പിന്‍ഭാഗത്തുള്ള ബൈറോഡിലേക്കുള്ള പ്രവേശന കവാടം അടച്ചുപൂട്ടാന്‍ പോലിസും വാഹന വകുപ്പ് അധികൃതരും തീരുമാനിച്ചെങ്കിലും ഈ ഭാഗം നഗരസഭയ്ക്ക് കീഴിലായതിനാല്‍ രണ്ടാഴ്ചയോളമായി നഗരസഭയുടെ അനുമതി കാത്ത് കഴിയുകയായിരുന്നു. കഴിഞ്ഞ 22ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് ആലുവ ജോയിന്റ് ആര്‍ടിഒ, ട്രാഫിക്ക് എസ്‌ഐ എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ക്രീറ്റ് ബീം സ്ഥാപിച്ച് റോഡ് അടച്ചത്. ഇതോടെ ബസ്സുകള്‍ യാത്രക്കാരെ വഴിയില്‍ ഇറക്കുന്നത് ഒഴിവാക്കി എല്ലാ ബസ്സുകള്‍ക്കും ഇനി ടൗണ്‍ ചുറ്റുന്നതിന് വഴിയൊരുങ്ങി.
Next Story

RELATED STORIES

Share it