Kottayam Local

റോഡുകളിലെ അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യണം

കോട്ടയം: റോഡുകളില്‍ അനധികൃതമായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നവര്‍ ഡിസംബര്‍ 11നകം നീക്കം ചെയ്തില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ് റോഡ് സേഫ്റ്റി കൗണ്‍സില്‍ യോഗത്തില്‍ മുന്നറിയിപ്പു നല്‍കി.
അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനും നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ആറു മുനിസിപ്പാലിറ്റികളിലും ആര്‍ഡിഒ, തഹസില്‍ദാര്‍മാര്‍, അഡിഷണല്‍ തഹസില്‍ദാര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍, റവന്യൂ, പോലിസ്, പിഡബ്ല്യൂഡി, ആറ്റിഒ, നാഷനല്‍ ഹൈവേ അതോറിറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ അംഗങ്ങളായ സ്‌ക്വാഡ് പരിശോധന നടത്തും.
വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന, സര്‍ക്കാര്‍ ദിശാസൂചികകള്‍ മറയ്ക്കുന്ന, പിഡബ്ല്യൂഡിയുടെ അനുവാദം വാങ്ങാതെ സ്ഥാപിച്ചിരിക്കുന്ന എല്ലാ പരസ്യ ബോര്‍ഡുകളും നീക്കം ചെയ്യും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി രൂപീകരിച്ച് പ്രദേശത്തെ ട്രാഫിക് നിയന്ത്രണവും പരസ്യ ബോര്‍ഡുകളുടെ നിയന്ത്രണവും സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ശുപാര്‍ശ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍ടിഒ പ്രസാദ് എബ്രാഹം, റോഡ് സേഫ്റ്റി കണ്‍സള്‍ട്ടന്റ് പി ഡി സുകുമാരന്‍, തഹസീല്‍ദാര്‍മാരായ കെ എം നാരായണന്‍ നായര്‍ (വൈക്കം), ബേബി സേവ്യര്‍ (മീനച്ചില്‍), കെ പി സജീവ് (കാഞ്ഞിരപ്പള്ളി), ഡാലീസ് ജോര്‍ജ് (ചങ്ങനാശ്ശേരി), ജോസഫ് സെബാസ്റ്റ്യന്‍ (കോട്ടയം) മറ്റു ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it