thiruvananthapuram local

റോഡിന്റെ ശോചനീയാവസ്ഥ; നാട്ടുകാര്‍ ശയനപ്രദക്ഷിണം നടത്തി

ബാലരാമപുരം: തകര്‍ന്ന ബാലരാമപുരം വിഴിഞ്ഞം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡില്‍ ശയന പ്രദക്ഷിണം നടത്തി. ഇന്നലെ രാവിലെ ഒമ്പതോടെ ബാലരാമപുരം ആര്‍സി സ്ട്രീറ്റില്‍ ഒരു കിലോമീറ്റര്‍ ദൂരത്തോളമാണ് പ്രദക്ഷിണം നടത്തിയത്. സാരഥി റസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങളായ ആന്റണി (36), ഗില്‍ബര്‍ട്ട് (46), ബാലരാമപുരം ഐത്തിയൂര്‍ സ്വദേശിയും നാട്ടുക്കൂട്ടം പ്രതിനിധിയുമായ അബ്ദുല്‍ വാഹിദ് (32) എന്നിവരാണ് ശയനപ്രദക്ഷിണം നടത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ശയനപ്രദക്ഷിണം 11 മണിയോടെ സമാപിച്ചു. തുടര്‍ന്ന് അവശനിലയിലായ സമരാര്‍ഥികളെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് ചികില്‍സ നല്‍കി. മാസങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡ് റീടാര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ വിഭാഗങ്ങള്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചാണ് പുതിയ സമരമുഖങ്ങള്‍ നാട്ടുകാര്‍ സംഘടിപ്പിച്ചത്. നേരെത്തേ സാരഥി റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ശയന പ്രദക്ഷിണത്തിന് പിന്തുണയുമായി നാട്ടുക്കൂട്ടം രംഗതെത്തിയിരുന്നു. നാട്ടുക്കൂട്ടം ജനകീയ വേദിയുടെ ആഭിമുഖ്യത്തില്‍ ശവമഞ്ചയാത്രയും എസ്ഡിപിഐയുടെ ആഭിമുഖ്യത്തില്‍ പന്തം കൊളുത്തി പ്രകടനവും സാരഥി റസിഡന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ധര്‍ണയും സെന്റ് സെബാസ്റ്റിയ ദേവാലയത്തിന്റെ ആഭിമുഖ്യത്തല്‍ പ്രതഷേധ മാര്‍ച്ചും നടന്നു. നാട്ടുകാര്‍ സംഘടിച്ച് നാട്ടുക്കൂട്ടം ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വകുപ്പ് മന്ത്രിക്കും എംഎല്‍എയ്ക്കും നിവേദനം നല്‍കി. ബാലരാമപുരത്ത് വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ സ്ഥലം എംഎല്‍എ റോഡ് ടാറിങ് ഉടന്‍ നടത്തുമെന്ന് അറിയിച്ചെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. തുടര്‍ന്നാണ് പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. തകര്‍ന്നടിഞ്ഞ കുഴികളില്‍ വീണ് പരിക്കേറ്റ് ബൈക്ക് യാത്രക്കാര്‍ ഇന്നും ചികില്‍സയിലാണ്. ജനുവരിയില്‍ നടക്കുന്ന സെന്റ് സെബാസ്റ്റിയന്‍ ഫറോന ദേവാലയത്തിലെ പെരുന്നാളിന് പ്രധാന ചടങ്ങ് ചപ്ര പ്രദക്ഷിണമാണ്. റോഡില്‍ ഭക്തര്‍ മുട്ട് കുത്തി ഇരുന്നാണ് ഈ കര്‍മം നിര്‍വഹിക്കുന്നത്. തകര്‍ന്ന റോഡില്‍ ഇത് അസാധ്യമാണ്. ശയന പ്രദക്ഷിണ സമരം ഗ്രാമപ്പഞ്ചായത്ത് അംഗം എ എം സുധീര്‍ ഉദ്ഘാടനം ചെയ്തു. സാരതി ഭാരവാഹികളായ മണിയന്‍, ഗില്‍ബര്‍ട്ട് ബാബു നാട്ടുക്കൂട്ടം പ്രതിനിധികളായ ഹലീല്‍ റഹ്മാന്‍, ജുനൈദ് അലി, ഷാനവാസ് എന്നിവരുടെ ഓട്ടോ ഡ്രൈവര്‍മാരായ ഷൈജു, അജയഘോഷ് എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it