palakkad local

റോഡരികില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് ജനജീവിതത്തിന് ഭീഷണിയാവുനന്നു

ആലത്തൂര്‍: ആലത്തൂര്‍-വാഴക്കോട് സംസ്ഥാന പാതയില്‍ കാവശ്ശേരി പരയ്ക്കാട്ടു കാവിനു സമീപം റോഡരികില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് ജനജീവിതത്തേയും സമീപത്തെ വനത്തേയും ബാധിക്കുന്നതായി പരാതി.
പരയ്ക്കാട്ട് കാവിനു ചുറ്റുമുള്ള വനം അധികൃതര്‍ വേലി കെട്ടി സംരക്ഷിക്കാത്തതു മൂലം ഇതിനകത്തും മാലിന്യം നിക്ഷേപിക്കുന്നതായി പരാതിയുണ്ട്. ഈ വനത്തിനു സമീപമുള്ള ഒരു സംഘടനയുടെ കെട്ടിടത്തിലെ മാലിന്യങ്ങള്‍ രാത്രികാലങ്ങളില്‍ ഉന്തുവണ്ടിയില്‍ റോഡരികില്‍ നിക്ഷേപിക്കുന്നതായും ആക്ഷേപമുണ്ട്. ഇതുവഴിയുള്ള യാത്രക്കാര്‍ക്കും സമീപത്തെ കൃഷിക്കാര്‍ക്കും മാലിന്യം ജീവിതം ദുസഹമാക്കിയിരിക്കുകയാണ്. മാലിന്യം നീക്കം ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്ലാസ്റ്റിക് കവറുകളിലും പോളിത്തീന്‍ കിറ്റുകളിലുമാണ് മാലിന്യം നിക്ഷേപിക്കുന്നത്. പരയ്ക്കാട്ടു കാവിനു ചുറ്റുമുള്ള ജൈവസമ്പന്നമായ വനത്തിന് പ്ലാസ്റ്റിക് മാലിന്യം ഭീഷണിയാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. കാവശ്ശേരി പഞ്ചായത്തും പരയ്ക്കാട്ട് ദേവസ്വവും അടിയന്തിരമായി മാലിന്യം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാണ് സന്നദ്ധ സംഘടനകള്‍ ആവശ്യപ്പെടുന്നത്.
പോലിസ് സ്ഥിരമായി വാഹന പരിശോധന നടത്തുന്ന സ്ഥലമായിട്ടു കൂടി മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. രാത്രി കാലങ്ങളില്‍ പോലിസ് പട്രോളിങ് ഊര്‍ജിതമാക്കി രാത്രി മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടി നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it