Flash News

റോഡരികിലെ കാണിക്കവഞ്ചിയും ആരാധനാലയങ്ങളും നീക്കണം ; ജസ്റ്റിസ് ടി കെ ചന്ദ്രശേഖരദാസ് കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് അപകടങ്ങള്‍ സംബന്ധിച്ചു കൃത്യമായ പഠനം നടത്തുന്നതിനും റോഡ് അപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനുമായി റോഡ് സേഫ്ടി കമ്മീഷന്‍ രൂപീകരിക്കണമെന്ന് റോഡപകടങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ടി കെ ചന്ദ്രശേഖരദാസ് കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

നിലവില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്റെ നേതൃത്വത്തിലാണ് റോഡ് സുരക്ഷാക്രമീകരണങ്ങള്‍ നടത്തുന്നത്. പൂര്‍ണ അധികാരത്തോടുകൂടിയുള്ളതാവണം പുതിയ റോഡ് സുരക്ഷാ കമ്മീഷന്‍. കമ്മീഷന് കീഴില്‍ 3,000 മുതല്‍ 5,000 പേര്‍ ഉള്‍പ്പെടുന്ന റോഡ് സുരക്ഷാസേനയും രൂപീകരിക്കണം. റോഡ് സുരക്ഷ, രക്ഷാപ്രവര്‍ത്തനം, ഗതാഗതനിയന്ത്രണം, അടിയന്തര റോഡ് അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്ക് പ്രത്യേക പരിശീലനം നല്‍കി ഇവരെ സജ്ജമാക്കണം.

നിരീക്ഷണത്തിനായി ദേശീയ, സംസ്ഥാന പാതകളില്‍ 10 കിലോമീറ്റര്‍ ഇടവിട്ട് 10 പേരടങ്ങുന്ന റോഡ് സുരക്ഷാസേനയെ നിയോഗിക്കണം. കാല്‍നടയാത്രക്കാര്‍ക്കുപോലും ബുദ്ധിമുട്ടുണ്ടാവുന്ന തരത്തില്‍ റോഡരികില്‍ നിര്‍മിച്ചിരിക്കുന്ന വെയ്റ്റിങ് ഷെഡ്, ക്ഷേത്രങ്ങളുടെ കാണിക്കവഞ്ചി, ആരാധനാലയങ്ങള്‍, കൊടിമരം എന്നിവ നീക്കം ചെയ്യണം. ഡ്രൈവര്‍മാരുടെ ശ്രദ്ധതെറ്റുന്നതുമൂലം അപകടമുണ്ടാവുന്ന സാഹചര്യത്തിലാണ് ശുപാര്‍ശയെന്ന് കമ്മീഷന്‍ വിശദീകരിക്കുന്നു. ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഡ്രൈവിങ് പരിശീലനം എക്‌സ്ട്രാ കരിക്കുലം ആക്ടിവിറ്റിയായി ഉള്‍പ്പെടുത്തണമെന്ന് കമ്മീഷന്റെ ശുപാര്‍ശയില്‍ പറയുന്നു.
Next Story

RELATED STORIES

Share it