റോജയെ വീണ്ടും തടഞ്ഞു; ആന്ധ്ര നിയമസഭയില്‍ ബഹളം

ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ ആര്‍ കെ റോജയെ ആന്ധ്രാപ്രദേശ് നിയമസഭയില്‍ പ്രവേശിക്കുന്നതില്‍നിന്ന് തുടര്‍ച്ചയായ രണ്ടാംദിവസവും തടഞ്ഞു. ഇതിനെതിരേ പാര്‍ട്ടിയിലെ സഹ എംഎല്‍എമാര്‍ നിയമസഭയില്‍ ബഹളം വച്ചു. അവര്‍ സ്പീക്കറുടെ വേദിയിലേക്ക് കുതിച്ച് മുദ്രാവാക്യം വിളിച്ചു. അരമണിക്കൂറോളം ബഹളത്തിനിടയിലായിരുന്നു ചോദ്യോത്തരവേള. തുടര്‍ന്ന് സ്പീക്കര്‍ കൊഡേല ശിവപ്രസാദറാവു 10 മിനിറ്റ് സഭ നിര്‍ത്തിവച്ചു.
കഴിഞ്ഞ ഡിസംബറില്‍ നിയമസഭയുടെ ശീതകാല സമ്മേളനത്തിലാണ് റോജയെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തത്. എന്നാല്‍, കഴിഞ്ഞ ദിവസം സസ്‌പെഷന്‍ ഹൈക്കോടതി തല്‍കാലത്തേക്ക് തടഞ്ഞു. ഇതിനെതിരേ നിയമസഭാസെക്രട്ടറി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഇതിനിടെയാണ് റോജ സഭയിലെത്തിയത്.
സഹ എംഎല്‍എമാര്‍ക്കൊപ്പം നിയമസഭയില്‍ കടക്കാനെത്തിയ റോജയെ മാര്‍ഷലുകളാണ് തടഞ്ഞത്. മാര്‍ഷലുകളോട് റോജ തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. റോജയ്ക്ക് പ്രവേശനം നിഷേധിക്കുന്ന രേഖാമൂലമുള്ള ഉത്തരവ് അവര്‍ കാണിച്ചു. റോജയ്ക്ക് പ്രവേശനം അനുവദിക്കണമോ എന്ന കാര്യം തിങ്കളാഴ്ച തീരുമാനിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it